ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 6 നവംബര്‍ 2018 (18:22 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം
ഗൗതം ഗംഭീർ ബിജെപിയിലേക്കെന്ന പ്രചാരണം കൊഴുക്കുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഡൽഹി രഞ്ജി ടീം ക്യാപ്റ്റൻ സ്ഥാനം കൂടി രാജിവച്ചതോടെയാണ് ഗംഭീര്‍ ബിജെപിയി പാളയത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ശക്തമായത്.
പുതിയ തലമുറയ്‌ക്കായി രഞ്ജി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുന്നുവെന്നാണ് രാജിക്ക് ശേഷം ഗംഭീര്‍ പറഞ്ഞത്.
ഗംഭീര്‍ ബിജെപിയിലേക്ക് അടുക്കുന്നതായി മുമ്പും വാര്‍ത്തകളുണ്ടായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുമായും ഗംഭീറുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുവരും വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
കോൺഗ്രസ് നേതാവായ അസ്ഹറുദ്ദീനെതിരെ പ്രതികരിച്ചതിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം കൂടി രാജിവച്ചത് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഗംഭീര്‍ ഒരുങ്ങുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരം നടന്ന ഈഡന്‍ ഗാര്‍ഡനില്‍ മണിയടിച്ച് കാണികളേയും താരങ്ങളേയും മത്സരത്തിലേക്ക് സ്വാഗതം ചെയ്‌ത സംഭവത്തിലാണ് അസറുദീനെതിരെ ഗംഭീര്‍ രോക്ഷം പ്രകടിപ്പിച്ചത്.
“ഇന്ത്യ ചിലപ്പോള്‍ ഇന്നത്തെ മത്സരം വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ബിസിസിഐയും സിഒഎയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പരാജയപ്പെട്ടു. അഴിമതിക്കാരോട് വിട്ടുവീഴ്‌ച്ചയില്ലെന്ന പോളിസിക്ക് ഞായറാഴ്‌ച്ച അവധി നല്‍കിയോ“- എന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീര്‍ ചോദിച്ചത്.
2000ലെ ഒത്തുകളി വിവാദത്തില്‍ വിലക്ക് നേടി താരം ഈഡന്‍ ഗാര്‍ഡനിലെ സവിശേഷ ചടങ്ങ് നിര്‍വഹിച്ചതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.