വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 16 നവംബര്‍ 2020 (11:49 IST)
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ പരിക്കുമൂലം രോഹിത് ഉൾപ്പെടാതെ പോയത് വലിയ ചർച്ചയാകുമ്പോഴാണ് പരിക്കോടെയാണ് വൃദ്ധിമാൻ സാഹയെ ടെസ്റ്റ് ടീമിലേയ്ക്ക് പരിഗണിച്ചത് എന്ന വാർത്ത പുറത്തുവന്നത്. ഇതോടെ ബിസിസിഐയ്ക്കെതിരെ വിമർശനങ്ങൾ ശക്തമായി. എന്നാൽ എന്തുകൊണ്ടാണ് സാഹ ടീമിൽ ഉൽപ്പെട്ടത് എന്നും രോഹിത് ഉൾപ്പെടാതെ പോയതും എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സൗരവ് ഗാംഗുലി.
ടെസ്റ്റ് മത്സരം ആരംഭിക്കുമ്പോഴേയ്ക്കും സഹയുടെ പരിക്ക് ഭേതമാവും എന്ന് ഉറപ്പുള്ളതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയത് എന്നും രോഹിതിന്റെ കാര്യം മറിച്ചാണ് എന്നും ദ് വീക്കിന് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു. 'ഇക്കാര്യങ്ങളിൽ അറിയേണ്ടവർക്ക് എല്ലാം അറിയാം. ഫിസിയോ തെറാപ്പിസ്റ്റുകൾക്കും, നാഷ്ണൽ ക്രിക്കറ്റ് അക്കാദമി അധികൃതർക്കും കാര്യങ്ങൾ അറിയാം. മറ്റു പലർക്കും ബിസിസിഐയുടെ പ്രവർത്തന രീതികൾ അറിയില്ല എന്ന് തോന്നുന്നു.
സാഹ ഏകദിനത്തിലോ, ടി20യിലോ കളിയ്ക്കുന്നില്ല, ടെസ്റ്റ് ആരംഭിയ്ക്കുമ്പോഴേയ്ക്കും കായികക്ഷമത വീണ്ടെടുക്കാൻ സാധിയ്ക്കും എന്ന് ഉറപ്പുള്ളതിനാലാണ് ടീമിലേയ്ക്ക് പരിഗണിച്ചത്.
രോഹിത് ശർമ്മ 75 ശതമാനം കായിക ക്ഷമത വീണ്ടെടുത്തതേയൊള്ളു. സംശയമുണ്ടെങ്കിൽ രോഹിത് ശർമ്മയോട് തന്നെ ചോദിയ്ക്കാം. അതിനാലാണ് ഏകദിന ടി20 ടീമുകളീലേയ്ക്ക് പരിഗണിയ്ക്കാത്തത്.' ഗാംഗുലി പറഞ്ഞു.