അമേരിക്കയിൽ കറങ്ങി നടന്നു, ഗില്ലിനെ നാട്ടിലേക്കയച്ചത് അച്ചടക്ക നടപടിയെന്ന് സൂചന, ഇൻസ്റ്റഗ്രാമിൽ രോഹിത്തിനെ അൺഫോളോ ചെയ്ത് താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ജൂണ്‍ 2024 (09:15 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ട്രാവലിംഗ് റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞതോടെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചത് അച്ചടക്കനടപടിയുടെ ഭാഗമായെന്ന് സൂചന. ഇന്നലെയാണ് ഗില്ലിനെയും ആവേശ് ഖാനെയും കാനഡയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയ്ക്കുമെന്ന വാര്‍ത്തകള്‍ വന്നത്. റിങ്കു സിംഗും ഖലീല്‍ അഹമ്മദും ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം തുടരും.

ടീമിലെ ആര്‍ക്കും തന്നെ പരിക്കുകള്‍ ഇല്ലാത്തതും പ്ലേയിംഗ് ഇലവനില്‍ കൂടുതല്‍ പരീക്ഷണ സാധ്യതയില്ലാത്തതും ഇനി ആവശ്യമെങ്കില്‍ വെസ്റ്റിന്‍ഡീസിലേക്ക് തിരിച്ചുവിളിക്കാമെന്നതും പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും ഗില്ലിനെയും ആവേശ് ഖാനെയും മടക്കിയയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടീമിനൊപ്പം റിസര്‍വ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനോ ടീമിനൊപ്പം സമയം ചിലവിടാനോ ഗില്ലിന് താത്പര്യമില്ലെന്നും പകരം അമേരിക്കയില്‍ വ്യക്തിഗത കാര്യങ്ങള്‍ക്കും ബിസിനസ് കാര്യങ്ങള്‍ക്കുമാണ് ഗില്‍ സമയം ചിലവാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ട്രാവലിംഗ് റിസര്‍വുകളായ റിങ്കു സിംഗും ആവേശ് ഖാനും ഖലീല്‍ അഹമ്മദും സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ അസാന്നിധ്യം അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായല്ല ഗില്ലിനെ തിരികെയയക്കുന്നതെന്ന് ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പൊര്‍ട്ട് ചെയ്തു. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെ ഫോളോ ചെയ്യുന്നില്ലെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പര്‍രയുന്നു. രോഹിത്തും ഗില്ലും തമ്മിലുള്ള ബന്ധം മോശമായതിനെയാണ് ഇത് കാണിക്കുന്നതെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :