ദ്രാവിഡിന് മുന്നിലെത്തിയത് കണ്ണ് മഞ്ഞളിക്കുന്ന ഓഫറുകൾ, എല്ലാം വേണ്ടെന്ന് വെച്ചത് രാജസ്ഥാന് വേണ്ടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (16:59 IST)
ഇന്ത്യന്‍ ദേശീയ ടീമിനായി ടി20 ലോകകപ്പ് നേടിയതിന് ശേഷം മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നിലെത്തിയത് വമ്പന്‍ ഓഫറുകള്‍. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ച ദ്രാവിഡ് 2024ല്‍ ടീമിന് ടി20 ലോകകപ്പ് നേടികൊടുത്ത ശേഷമാണ് പരിശീലകസ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. ഇതിന് പിന്നാലെ തന്റെ മുന്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാകാനുള്ള ചുമതലയാണ് ദ്രാവിഡ് ഏറ്റെടുത്തത്.

ക്രിക്ക്ബസ് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുല്‍ ദ്രാവിഡിന് മുന്നില്‍ വമ്പന്‍ ഓഫറുകളുമായി നിരവധി ഐപിഎല്‍ ഫ്രാഞ്ചൈസികളാണ് രംഗത്ത് വന്നത്. ബ്ലാങ്ക് ചെക്ക് അടക്കമുള്ള ഓഫറുകള്‍ ഫ്രാഞ്ചൈസികള്‍ മുന്നോട്ട് വെച്ചെങ്കിലും രാജസ്ഥാനില്‍ ചേരാനായിരുന്നു ദ്രാവിഡിന്റെ തീരുമാനം. 2011ല്‍ ആര്‍സിബിയുടെ മാര്‍ക്വീ താരമായ ദ്രാവിഡിനെ ടീം കൈവിട്ടപ്പോള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചത് രാജസ്ഥാന്‍ റോയല്‍സായിരുന്നു. തുടര്‍ന്ന് 2015 വരെ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിനായാണ് കളിച്ചത്.

ഇത് തന്നെയാണ് രാജസ്ഥാന്‍ പരിശീലകനാകാനുള്ള ദ്രാവിഡിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഐപിഎല്‍ സീസണുകളില്‍ മികച്ച പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്. അതിനാല്‍ തന്നെ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ രാജസ്ഥാന് അത്ഭുതങ്ങള്‍ കാണിക്കാനാകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :