36 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായത് കരോക്കെ ഗാനമേള, പാട്ട് പാടി രവി ശാസ്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (14:19 IST)
2020ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷം തോല്‍വിയുടെ ആഘാതം മറികടന്നത് മത്സരശേഷം നടത്തിയ കരോക്കെ ഗാനമേളയ്ക്ക് ശേഷമെന്ന് ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍. താരങ്ങളെ തോല്‍വിയുടെ നിരാശയില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലകന്‍ രവിശാസ്ത്രിയുടെ നേതൃത്വത്തില്‍ ഡിന്നറും ഗാനമേളയും സംഘടിപ്പിച്ചതെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. അഡലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഓസ്‌ട്രേലിയക്കെതിരെ ലീഡെടുത്ത ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സില്‍ വെറും 36 റണ്‍സിനാണ് ഓളൗട്ടായത്.

ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറായിരുന്നു ഇത്. മത്സരം തോറ്റ ദിവസമായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കരോക്കെ ഗാനമേള. ആ തോല്‍വിക്ക് ശേഷം ഡ്രസിംഗ് റൂമിന്റെ അന്തരീക്ഷം വളരെ മോശമായിരുന്നു. ആ സമയത്താണ് രവി ഭായ് ടീം ഡിന്നര്‍ നടത്താന്‍ തീരുമാനിച്ചത്. കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു. തുടര്‍ന്ന് രവി ഭായ് പാടാന്‍ തുടങ്ങി. രവി ഭായ്ക്ക് പ്രിയപ്പെട്ട പഴയ ഗാനങ്ങളാണ് പ്രധാനമായും ആലപിച്ചത്. അശ്വിന്‍ പറഞ്ഞു.


വലിയൊരു തോല്‍വിക്ക് ശേഷം ഇന്ത്യന്‍ താരങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു. അഡലെയ്ഡില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ പരമ്പരയില്‍ ഇന്ത്യയുടെ തിരിച്ചുവരവ് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ മെല്‍ബണിലും ബ്രിസ്‌ബെയ്‌നിലെ ഗാബയിലും ചരിത്രവിജയം നേടി രണ്ടാം തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര വിജയിച്ചാണ് ഇന്ത്യ മടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :