'വേണ്ട..വേണ്ട..റിവ്യു എടുക്കരുത്'; കോലിയെ തടഞ്ഞ് പന്ത്, അവസാന സെക്കന്‍ഡില്‍ കൈ ഉയര്‍ത്തി നായകന്‍, പന്തിന് പരിഭവം

രേണുക വേണു| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (21:56 IST)

ഡിആര്‍എസ് (റിവ്യു) എടുക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ മിടുക്ക് തനിക്ക് തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. മാത്രമല്ല റിവ്യു നഷ്ടപ്പെടുത്തിയ നായകന്‍ വിരാട് കോലിയോട് പന്ത് അല്‍പ്പം മുഖം കറുപ്പിച്ച് സംസാരിക്കുകയും ചെയ്തു.

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് രസകരമായ സംഭവം. മുഹമ്മദ് സിറാജ് ആയിരുന്നു 23-ാം ഓവര്‍ എറിയാനെത്തിയത്. ഈ ഓവറിലെ നാലാം പന്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പാഡില്‍ തട്ടി. എല്‍ബിഡബ്‌ള്യുവിനായി സിറാജ് അടക്കമുള്ള താരങ്ങള്‍ അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് അനുവദിച്ചില്ല. വിക്കറ്റാണെന്ന സംശയം സിറാജിനും കോലിക്കും ഉണ്ടായിരുന്നു. എന്നാല്‍, ഡിആര്‍എസ് എടുക്കേണ്ട എന്നും വിക്കറ്റാകാന്‍ സാധ്യതയില്ലെന്നും റിഷഭ് പന്ത് ഉറപ്പിച്ചു പറഞ്ഞു. കോലി അഭിപ്രായം ചോദിച്ചപ്പോഴും റിവ്യു നഷ്ടപ്പെടുത്തരുത് എന്നാണ് പന്ത് പറഞ്ഞത്. പന്തിന്റെ ഗൗരവത്തിലുള്ള പ്രതികരണങ്ങള്‍ കണ്ട് നായകന്‍ വിരാട് കോലി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. സിറാജ് അടക്കമുള്ള മറ്റ് താരങ്ങളും ചിരിക്കാന്‍ തുടങ്ങി. എന്നാല്‍, പന്ത് തന്റെ ഗൗരവം തുടര്‍ന്നു.

ഇതിനിടയില്‍ പന്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെ കോലി ഡിആര്‍എസ് എടുക്കാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം കോലിയുടെ കൈയില്‍ തട്ടി ഡിആര്‍എസ് എടുക്കരുത് എന്ന് ആവര്‍ത്തിക്കുകയായിരുന്നു പന്ത്. സിറാജിന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ് കോലി റിവ്യു എടുത്തത്. എന്നാല്‍, പന്ത് വിക്കറ്റിനു പുറത്താണെന്ന് ഡിആര്‍എസില്‍ വ്യക്തമായി. അത് നോട്ട്ഔട്ട് തന്നെയെന്ന് മൂന്നാം അംപയറും വിധിച്ചു. തന്റെ വാക്ക് കേള്‍ക്കാതെ ഡിആര്‍എസ് നഷ്ടപ്പെടുത്തിയതില്‍ പന്ത് നീരസം പ്രകടിപ്പിക്കുകയും ചെയ്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :