അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (15:20 IST)
കരിയറിന്റെ തുടക്കകാലത്ത് തന്നെ ഭാവി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന വിശേഷണം സ്വന്തമാക്കിയ താരമായിരുന്നു പൃഥ്വി ഷാ. വിരാട് കോലിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുന്ന താരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും പൃഥ്വി ഷാ എന്ന ക്രിക്കറ്ററുടെ പതനം അതിവേഗമായിരുന്നു. അച്ചടക്കമില്ലാത്ത പൃഥ്വി ഷായുടെ സമീപനവും പൃഥ്വിയുടെ പതനം വേഗത്തിലാക്കി. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ടീമിലും പൃഥ്വിക്ക് കാര്യമായി അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ മുംബൈയുടെ രഞ്ജി ടീമില്‍ നിന്നും താരം പുറത്തായിരിക്കുകയാണ്.
പൃഥ്വി ഷായുടെ അച്ചടക്കമില്ലായ്മയാണ് രഞ്ജി ടീമിലെ പുറത്താകലിന് കാരണമെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമിന്റെ നെറ്റ് സെഷനുകളില്‍ പോലും പൃഥ്വി ഷാ വരുന്നില്ലെന്നതാണ് മഹാരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതി. കൂടാതെ കൃത്യമായി പരിശീലനമില്ലാതെ താരത്തിന് അമിതഭാരമായതും താരത്തിന് വിനയായി. നിലവില്‍ വെറ്ററന്‍ ക്രിക്കറ്റര്‍മാരായ ശ്രേയസ് അയ്യര്‍,ശാര്‍ദൂല്‍ താക്കൂര്‍,അജിങ്ക്യ രഹാനെ എന്നിവരെല്ലാം രഞ്ജി ട്രോഫിയ്ക്കായുള്ള മുംബൈ ടീമിലുണ്ട്. ഇവരെല്ലാം തന്നെ പരിശീലനസെഷനുകളില്‍ കൃത്യമായി പങ്കെടുക്കുന്നുണ്ട്.
2018ല്‍ ഇന്ത്യന്‍ ദേശീയ ടീമിനായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ പൃഥ്വിഷായുടെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ ഷായുടെ ബലഹീനതകള്‍ എതിരാളികള്‍ കണ്ടെത്തിയപ്പോള്‍ ടെക്‌നിക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും തന്നെ പൃഥ്വിഷായുടെ ഭാഗത്ത് നിന്നുണ്ടായില്ല. കളിക്കളത്തിന് പുറത്തേക്കും തന്റെ
അച്ചടക്കമില്ലായ്മ വ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍ പോലും താരത്തിന് അവസരങ്ങള്‍ ഇല്ലാതെയാക്കി.ഇതിന്റെ തുടര്‍ച്ചയായാണ് രഞ്ജി ട്രോഫി ടീമില്‍ നിന്നും താരം പുറത്താകുന്നത്.