കൊടിയേറി : ഐ പി എല്‍ പൂരങ്ങള്‍ ഇന്നു മുതല്‍

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പുതിയ ടീമായ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്സും തമ്മിലാണ് ഉദ്ഘാടന മത്സരം

മുംബൈ, ഐ പി എല്‍, വാങ്ക്‌ഡെ mumbai, IPL, wankhde
മുംബൈ| സജിത്ത്| Last Modified ശനി, 9 ഏപ്രില്‍ 2016 (08:28 IST)
ഇനിയാണ്‌ കളി... ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ കണ്ടതൊന്നുമല്ല; ഇനി കാണാന്‍ പോകുന്നതാണ്‌ ക്രിക്കറ്റ്‌ പൂരം... ഇന്ത്യന്‍ ക്രിക്കറ്റ്‌ പൂരം. ഐ പി എല്‍ ഒന്‍പതാം സീസണിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പുതിയ ടീമായ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ മറ്റൊരു പകര്‍‌പ്പാണ് ഈ സീസണിലെ ആദ്യ മത്സരം. ചെന്നൈ സൂപ്പര്‍ കിങ്സ് ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ പകരമെത്തിയ ടീമുകളില്‍ ഒന്നാണ് പൂനെ സൂപ്പര്‍ജയന്റ്സ്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങും നായകന്‍ ധോനിയും രവിചന്ദ്ര അശ്വിനുമടക്കം ചൈന്നെയുടെ ചേരുവകള്‍ ഭൂരിഭാഗവും സൂപ്പര്‍ ജയന്റ്സിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയും ഇര്‍ഫാന്‍ പത്താനും ആല്‍ബി മോര്‍ക്കലും കൂടി ധോനിക്കൊപ്പം പുനെയില്‍ എത്തിയിട്ടുണ്ട്. കെവിന്‍ പീറ്റേഴ്സണും മിച്ചല്‍ മാര്‍ഷും, സ്റ്റീവ് സ്മിത്തും അജിങ്ക്യ രഹാനെയും കൂടി ചേര്‍ന്നതോടെ സൂപ്പര്‍ ജയന്റ്സ് ആദ്യ സീസണില്‍ തന്നെ കരുത്തുറ്റ ടീം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് തയ്യാറെടുപ്പ് അത്ര ശുഭകരമല്ല. മലിംഗയും ടീം സൌത്തിയും കളിക്കാത്തത് ടീമിനെ വിഷമത്തിലാക്കുന്നു. എന്നാല്‍ ഇന്ത്യന്‍ മലിംഗയായ ജസ്പ്രീത് ബുംറയുടെ ഫോം മുംബൈക്ക് ആശ്വാസം പകരുന്നു. രോഹിത് ശര്‍മ, ജോസ് ബട്ട്‌ ലര്‍, കോറി ആന്‍ഡേഴ്സണ്‍, കീറണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരുടെ കൈകരുത്ത് മുംബൈയുടെ ആത്മവിശ്വാസമാണ്. രാത്രി എട്ടിന്‌ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാങ്ക്‌ഡെ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. സോണി സിക്‌സ്, സോണി മാക്‌സ്, സോണി, ഇ എസ് പി എന്‍ എന്നിവയില്‍ തത്സമയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :