ക്ലാസി സെഞ്ച്വറിയുമായി കെഎൽ രാഹുൽ, മുംബൈയ്‌ക്കെതിരെ ലഖ്‌നൗവിന് കൂറ്റൻ സ്കോർ

അഭിറാം മനോഹർ| Last Modified ശനി, 16 ഏപ്രില്‍ 2022 (17:38 IST)
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ, നായകൻ കെഎൽ രാഹുലിന്റെ സെഞ്ചുറിയുടെ മികവിൽ 199 റൺസാണ് നേടിയത്. രാഹുൽ 60 പന്തിൽ പുറത്താവാതെ 103 റൺസ് നേടി. മുംബൈയ്ക്കായി ജയദേവ് ഉനദ്‌ഖട് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ലഖ്‌നൗ ടീമില്‍ കൃഷ്ണപ്പ ഗൗതമിന് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മുംബൈയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് പകരം ഫാബിയന്‍ അലന്‍ ഇടം നേടി. ആറാം മത്സരത്തിൽ ആദ്യ വിജയം ലക്ഷ്യമിട്ടെത്തിയ മുംബൈയെ ഒരുതരത്തിലും മത്സരത്തിൽ ആധിപത്യം നേടാൻ ലഖ്‌നൗ സമ്മതിച്ചില്ല.

പവർ പ്ലേയിൽ തന്നെ 50 കടന്നെങ്കിലും ആറാം ഓവറിൽ ലഖ്‌നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്നെത്തിയ മനീഷ് പാണ്ഡെ 38 റൺസുമായി നായകൻ കെഎൽ രാഹുലിന് മികച്ച പിന്തുണ നൽകിയതൊടെ ടീം മികച്ച നിലയിലെത്തി. മാർക്കസ് സ്റ്റോയിനിസിനെ‌യും ദീപക് ഹൂഡയേയും പുറത്താക്കാനായെങ്കി‌ലും ഒരു വശത്ത് രാഹുൽ തകർത്തടിച്ചതോടെ മുംബൈയുടെ വിജയലക്ഷ്യം 200 റൺസിലെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :