മൊഹാലി|
സജിത്ത്|
Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (09:26 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സിന് കന്നി ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 161 റണ്‍സ് എടുത്തപ്പോള്‍ 17.4 ഓവറില്‍ 162 റണ്‍സ് എടുത്താണ് ഗുജറാത്ത് ലയണ്‍സ് വിജയം കരസ്ഥമാക്കിയത്.
47 പന്തുകളില്‍ നിന്ന് 12 ഫോറുകളുള്‍പ്പെടെ 74 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് ആണ് ഗുജറാത്ത് ലയണ്‍സിന്റെ വിജയശില്‍പി. ആദ്യ ഓവറില്‍ തന്നെ ബ്രണ്ടന്‍ മക്കല്ലത്തിനെ (0) ലയണ്‍സിനു നഷ്‌ടപ്പെട്ടിരുന്നു. സന്ദീപ് ശര്‍മയുടെപന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധമാന്‍ സാഹ സ്‌റ്റമ്പ് ചെയ്‌താണ് ബ്രണ്ടന്‍ മക്കല്ലം പുറത്തായത്. നായകന്‍ സുരേഷ് റെയ്‌നയും (ഒന്‍പത് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 20) ഫിഞ്ചും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് 26 പന്തില്‍ 41 റണ്ണുമായി പുറത്താകാതെനിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നല്ല തുടക്കമാണ് ഓപ്പണര്‍മാരായ മുരളി വിജയും മനന്‍ വോറയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ വമ്പന്‍ അടിക്കാരായ മില്ലറും മാക്‌സ്വെല്ലും ആരാധകരെ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി 42 റണ്‍സ് എടുത്ത് മുരളി വിജയ് ടീമിലെ ടോപ്പ് സ്‌കോററായി. നാല് ഓവറില്‍ നിന്നായി 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ഡ്വയന്‍ ബ്രാവോയാണ് പഞ്ചാബിന്റെ സ്‌കോര്‍ പിടിച്ചുനിര്‍ത്തിയത്. അര്‍ധ സെഞ്ചുറിയിലേക്ക് കുതിച്ച മുരളി വിജയിനെ രവീന്ദ്ര ജഡേജയാണു പുറത്താക്കിയത്.
ഇന്ന് ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് മത്സരം.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം