രേണുക വേണു|
Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (08:59 IST)
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഇന്ത്യയുടെ സമ്മര്‍ദപ്രകാരം തന്നെ. നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, മറ്റ് ചില മുതിര്‍ന്ന താരങ്ങള്‍ കോവിഡ് ഭീതിയെ തുടര്‍ന്ന് കളിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കണമെന്ന് തന്നെയായിരുന്നു ബിസിസിഐയുടെ നിലപാടും. സെപ്റ്റംബര്‍ 19 ന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുത്ത് മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കേണ്ടതില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത ഐപിഎല്‍ താരങ്ങള്‍ ദുബായിലെത്തി ബയോ സെക്യുര്‍ ബബിളില്‍ എത്തിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കുന്ന മിക്കവരും ഇനി നേരെ ദുബായിലേക്കാണ് പോകേണ്ടത്. ഐപിഎല്ലിന് എത്തുന്ന ഏതെങ്കിലും താരത്തിനു കോവിഡ് പോസിറ്റീവ് ആയാല്‍ അത് ബിസിസിഐയ്ക്ക് വീണ്ടും തിരിച്ചടിയാകും. ഐപിഎല്‍ മാറ്റിവയ്‌ക്കേണ്ടിവരും. ഐപിഎല്‍ കഴിഞ്ഞാല്‍ ഒക്ടോബര്‍ 17 ന് ടി 20 ലോകകപ്പും ആരംഭിക്കാനിരിക്കുകയാണ്. അതുകൊണ്ട് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇനി ഐപിഎല്‍ നീട്ടുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.,
ഇംഗ്ലണ്ടില്‍വെച്ച് ഒരു കളിക്കാരനെങ്കിലും കോവിഡ് ബാധിച്ചാല്‍ അത് മറ്റു താരങ്ങളെയും ബാധിക്കും. കോടികളുടെ കളിയായ ഐപിഎല്‍ വീണ്ടും അനിശ്ചിതാവസ്ഥയില്‍ ആകാതിരിക്കാനാണ് ബിസിസിഐയുടെ അതിവേഗ നീക്കം മാഞ്ചസ്റ്ററില്‍ കണ്ടത്.