രാജ്‌കോട്ട്|
jibin|
Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (16:03 IST)
ഈ മാസം പതിനേഴിന് വിവാഹമാണെങ്കിലും ചടങ്ങിന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയേയും ടീമിലെ അടുത്ത സുഹൃത്തായ സുരേഷ് റെയ്‌നയേയും ക്ഷണിക്കില്ലെന്ന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അടുത്ത കൂട്ടുകാരെ എങ്ങനെ ക്ഷണിക്കണം എന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും വിളിച്ചില്ലെങ്കിലും ഇരുവരും എത്തുമെന്നും ജഡേജ തമാശയോടെ പറഞ്ഞു.
ധോണിയേയും റെയ്‌നയേയും വിവാഹത്തിന് ക്ഷണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിളിച്ചില്ലെങ്കിലും സമയത്തുതന്നെ അവര്‍ എത്തുമെന്ന് ഉറപ്പാണ്. അത്രയും സ്‌നേഹബന്ധമാണ് ഞങ്ങളുടെ ഇടയിലുള്ളത്. അങ്ങനെയാകുമ്പോള്‍ ക്ഷണിക്കേണ്ട ആവശ്യമുണ്ടോയെന്നും ജഡേജ ചോദിച്ചു. സീ ന്യൂസിനോട് സംസാരിക്കവേയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഈ കാര്യം പറഞ്ഞത്.
ഈ മാസം പതിനേഴിനാണ് രാജ്‌കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗംവും മെക്കാനിക്കല്‍ എഞ്ചിനീയറുമായ റീവ സോളങ്കിയെ ജഡേജ സ്വന്തമാക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. 95 ലക്ഷം രൂപയുടെ ഓഡി ക്യു 7 ആണ് വിവാഹത്തിന് മുമ്പായി ജഡേജയ്ക്ക് ഭാര്യാപിതാവ് സമ്മാനമായി നല്‍കിയത്.