ബംഗലൂരു|
jibin|
Last Updated:
വ്യാഴം, 24 മാര്‍ച്ച് 2016 (00:14 IST)
ആവേശത്തിന് ഒട്ടും കുറവില്ലാതിരുന്ന ഇന്ത്യ ബംഗ്ലാദേശ് പോരാട്ടത്തില്‍ ഒടുവില്‍ കടുവകള്‍ തലതാഴ്‌ത്തി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ നടന്ന നാടകീയമായ നിമിഷങ്ങളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളും മിസ്‌റ്റര്‍ കൂള്‍ എന്ന വിളിപ്പേരും അനര്‍ഥ്വമാക്കിയ ഇരുപതാമത് ഓവറില്‍ ധോണിപ്പട നിര്‍ണായക ജയം നേടുകയായിരുന്നു.
അവസാന ഓവറിൽ വിജയത്തിലേക്ക് 11 റൺസ് വേണ്ടിയിരിക്കെ ആദ്യ മൂന്നു പന്തിൽ തന്നെ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെ ബംഗ്ലദേശ് ഒമ്പത് റൺസെടുത്തെങ്കിലും അവസാന മൂന്നു പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തി ടീം ഇന്ത്യ കളിയിലേക്ക് തിരിച്ചുവരുകയായിരുന്നു.
അവസാന ഓവറിൽ ബംഗ്ലാദേശിനുവേണ്ടി ക്രീസില്‍ ഉണ്ടായിരുന്നത് വമ്പനടികൾക്ക് കെൽപ്പുള്ള മഹ്മൂദുല്ലയും മുഷ്ഫിഖുർ റഹിമും. ബോൾ ചെയ്യുന്നത് ഹാർദിക് പാണ്ഡ്യ. ആദ്യ പന്തിൽ മഹ്മൂദല്ലയുടെ വക സിംഗിൾ. അഞ്ച് പന്തിൽ വേണ്ടത് 10 റൺസ്. രണ്ടും മൂന്നും പന്തുകൾ ബൗണ്ടറിയിലേക്ക്. അതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യവും ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളും ചുരുങ്ങി. എന്നാൽ, അവസാന മൂന്നു പന്തുകളിൽ മൂന്നു വിക്കറ്റ്. അതും വെറും ഒരു റണ്ണിന്. ഓവർ അവസാനിക്കുമ്പോൾ റൺസിങ്ങനെ; 1, 4, 4, W, W, W.
കൈവിട്ട ജയം തിരിച്ചു പിടിച്ച ധോണിപ്പട ട്വന്റി-20 ലോകകപ്പ് പ്രതീക്ഷകള്‍ ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ശക്തരായ ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം തീ പാറുമെന്ന് ഉറപ്പായി.