എല്ലാം നശിപ്പിച്ചത് രഹാനെ; തോല്‍‌വിയുടെ മുള്‍ക്കിരീടം ഇന്ത്യന്‍ ഓപ്പണര്‍ക്ക്, ധോണി പറയാതെ പറയുന്നത്

രഹാനെയെ ഇറക്കിയത് നോട്ടത്തിനൊപ്പം കോട്ടവും സമ്മാനിച്ചു

ട്വന്റി-20 ലോകകപ്പ് , വെസ്‌റ്റ് ഇന്‍ഡീസിസ് ഇന്ത്യ ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , അജിങ്ക്യ രഹാനെ
മുംബൈ| jibin| Last Updated: ശനി, 2 ഏപ്രില്‍ 2016 (15:41 IST)
വെസ്‌റ്റ് ഇന്‍ഡീസിനോട് തോല്‍‌വിയേറ്റുവാങ്ങി ട്വന്റി-20 ലോകകപ്പില്‍ നിന്ന് ടീം ഇന്ത്യ പുറത്തായെങ്കിലും പരാജയകാരണങ്ങള്‍ അന്വേഷിക്കുകയാണ് ക്രിക്കറ്റ് ആരാധകരും പണ്ഡിതരും. നിര്‍ണായക മത്സരത്തില്‍ വിന്‍സീസ് കരുത്തിന് മുന്നില്‍ കാലിടറിയതിന് മഹേന്ദ്ര സിംഗ് ധോണിക്ക് നിരവധി കാരണങ്ങള്‍ നിരത്താനുണ്ടെങ്കിലും ശിഖര്‍ ധവാന് പകരം ടീമില്‍ ഇടം നേടിയ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ ഫൈനലില്‍ എത്തുന്നത് തടഞ്ഞതെന്നാണ് അവസാനമായി ലഭിക്കുന്ന റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്ന ശിഖര്‍ ധവാനെ ഒഴിവാക്കി അജിങ്ക്യ രഹാനെയെ ഇറക്കിയത് നോട്ടത്തിനൊപ്പം കോട്ടവും സമ്മാനിച്ചു. രഹാനെയും രോഹിത് ശര്‍മ്മയും മികച്ച തുടക്കം നല്‍കിയെങ്കിലും രോഹിത് പുറത്തായ ശേഷം രഹാനെ സ്‌ലോ ആയി. മികച്ച തുടക്കം ലഭിച്ചിട്ടും വന്‍ സ്‌കോര്‍ ലക്ഷ്യമാക്കി അടിച്ചു കളിക്കുകയും ഓപ്പണറുടെ റോള്‍ ഭംഗിയായി ചെയ്യേണ്ട രഹാനെ സിംഗുളുകള്‍ മാത്രമാക്കിയപ്പോള്‍ മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് ഇല്ലാതായി. ബൗണ്ടറികളിലേക്ക് തീരെ ദൂരം കുറഞ്ഞ വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിംഗ് പിച്ചിൽ ഇന്ത്യന്‍ ഓപ്പണര്‍ ഇഴയുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ കൂടുതല്‍ നേരം ക്രീസില്‍ നിന്നതും രഹാനെയായിരുന്നു.

35 പന്തിൽ 40 റൺസ് നേടിയ രഹാനെ ആകെ നേടിയത് രണ്ടു ബൗണ്ടറി മാത്രമാണ്. കോഹ്‌ലി ക്രീസില്‍ എത്തിയപ്പോള്‍ എങ്കിലും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തിരുന്നുവെങ്കില്‍ 220 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം എതിരാളികള്‍ക്ക് മുന്നില്‍ ഇന്ത്യക്ക് വെക്കാമായിരുന്നു. സിക്‍സറുകള്‍ നേടാനുള്ള കരുത്ത് ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഫോറുകള്‍ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ രഹാനെ തന്‍ കളിക്കുന്നത് കുട്ടിക്രിക്കറ്റില്‍ ആണെന്നോ എതിരാളികള്‍ വിന്‍ഡീസ് ആണെന്നോ മനസിലാക്കാത്തതു പോലെയായിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നുണ്ട്. പതിനാറാം ഓവറില്‍ അദ്ദേഹം പുറത്തായപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 114 മാത്രമായിരുന്നു.

വിന്‍ഡീസിനെതിരെയുള്ള സ്‌കോറില്‍ 95 റണ്‍സും പിറന്നതും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ട്രിപ്പിളുകളിലൂടെയുമായിരുന്നു. വാങ്കഡേ പോലുള്ള ചെറിയ ഗ്രൌണ്ടില്‍ ഈ നീക്കം തിരിച്ചടിയാകുകയായിരുന്നു. മറുവശത്ത് വിന്‍ഡീസ് സിക്‍സറുകളും ഫോറുകളും തുടര്‍ച്ചയായി നേടി വിജയതീരം കാണുകയും ചെയ്‌തു. വിൻഡീസ് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ട്രിപ്പിളുകളിലൂടെയും നേടിയത് 44 റൺസ് മാത്രമായിരുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ജയിക്കണമായിരുന്നുവെങ്കില്‍ 30റണ്‍സെങ്കിലും അധികം വേണമായിരുന്നുവെന്ന ധോണിയുടെ വാക്കുകള്‍ ചെന്നെത്തുന്നത് രഹാനെയിലേക്കാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :