സെവാഗിനെ കടത്തിവെട്ടി രാഹുൽ, ഇനി മുന്നിൽ ഗവാസ്‌കർ മാത്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (19:27 IST)
സൗത്താഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യൻ ഇതിഹാസ ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗിനെ പിന്തള്ളി ഇന്ത്യൻ ഓപ്പണിങ് താരം കെഎൽ രാഹുൽ.

ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്കു ടെസ്റ്റില്‍ മേല്‍ക്കൈ സമ്മാനിച്ചത് രാഹുലിന്റെ സെഞ്ചുറിപ്രകടനമായിരുന്നു. 248 പന്തിൽ നിന്നും പുറത്താവാതെ 122 റൺസാണ് ആദ്യദിനത്തിൽ രാഹുൽ നേടിയത്. ഏഷ്യക്കു പുറത്ത് കൂടുതല്‍ സെഞ്ച്വറികള്‍ കൊയ്ത രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സെഞ്ചുറിയോടെ താരം നേടിയത്. രാഹുലിന്റെ ഏഷ്യയ്ക്ക് പുറത്തുള്ള അഞ്ചാം സെഞ്ചുറിയാണിത്.34 ഇന്നിങ്‌സുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.

നേരത്തേ ഈ ലിസ്റ്റില്‍ രണ്ടാമന്‍ സെവാഗായിരുന്നു. 59 ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളാണ് സെവാഗിന്റെ പേരിലുള്ളത്. 81 ഇന്നിങ്‌സുകളില്‍ നിന്നും 15 സെഞ്ച്വറികൾ സ്വന്തമാക്കിയ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്‌കറാണ് ഇനി രാഹുലിന്റെ മുന്നിലുള്ള‌ത്.

അതേസമയം സെഞ്ചുറി പ്രകടനത്തോടെ സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ വിദേശ ഓപ്പണറെന്ന നേട്ടത്തിനും രാഹുൽ അർഹനായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രാഹുൽ.വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ സഈദ് അന്‍വര്‍ എന്നിവര്‍ മാത്രമേ മൂന്നു രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറിയടിച്ചിരുന്നുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :