പാകിസ്ഥാനോട് ഫൈനലിലേറ്റ തോൽവി നാല് വർഷം ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചു, ആ തോൽവി ഓർത്താൽ ഇപ്പോഴും ഉറങ്ങാനാകില്ല

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (18:41 IST)
പാകിസ്ഥാനെതിരായ ഒരു മത്സരത്തിലേറ്റ തോൽവിയെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും തൻ്റെ ഉറക്കം നഷ്ടപ്പെടുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ കപിൽദേവ്. 1986 ഓസ്ട്രൽ-ഏഷ്യകപ്പിൻ്റെ ഫൈനലിൽ പാകിസ്ഥാനോടേറ്റ തോൽവി പിന്നീട് നാലുവർഷം ഇന്ത്യൻ ക്രിക്കറ്റിനെ കാര്യമായി ബാധിച്ചതായാണ് കപിൽ പറയുന്നത്. അന്നത്തെ പാക് ടീമിൽ കളിച്ചിരുന്ന വസീം അക്രമവുമായി ഒരു സ്പോർട്സ് ചാനലിൽ നടത്തിയ ചർച്ചയിലാണ് കപിൽദേവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കളിയിൽ ഇന്ത്യയ്ക്ക് 270 റൺസ് ഏടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇന്ത്യയെ 245 റൺസിൽ തങ്ങൾ ഒതുക്കിയതായും വസീം അക്രം പറഞ്ഞു. കളിയിൽ 3 വിക്കറ്റുമായി അക്രം തിളങ്ങിയിരുന്നു. ഇതിനെ പറ്റി ഓർക്കുമ്പോൾ ഇപ്പോഴും തനിക്ക് ഉറക്കം നഷ്ടപ്പെടാറുണ്ടെന്നാണ് ഇതിനോട് കപിൽദേവ് പ്രതികരിച്ചത്. അവസാന ഓവർ വന്നപ്പോൾ ചേതൻ ശർമയ്ക്കാണ് ഞങ്ങൾ പന്ത് നൽകിയത്. തോൽവിയിൽ അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് പിഴവുണ്ടായെന്ന് ഞങ്ങൾ കരുതുന്നില്ല.

അവസാന പന്തിൽ 4 റൺസാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. അതുകൊണ്ട് ലോ യോർക്കർ എറിയാനാണ് ഞങ്ങൾ ഉദ്ദേശിച്ചത്. ഞങ്ങളെല്ലാം മികച്ചതായാണ് ചെയ്തത്. എന്നാൽ അവസാന പന്ത് ലോ ഫുൾടോസാവുകയും മിയൻദാദ് സിക്സർ നേടികൊണ്ട് പാകിസ്ഥാനെ വിജയിപ്പിക്കുകയും ചെയ്തു. ആ തോൽവി ഇന്ത്യയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചു. നാല് വർഷമാണ് ടീമിനെ അത് ബാധിച്ചത്. അങ്ങനൊരു സാഹചര്യത്തിൽ നിന്നുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കപിൽദേവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :