സെഞ്ചുറിക്കുതിപ്പുമായി റൂട്ട്, പോണ്ടിങിന്റെ റെക്കോർഡിനരികെ

അഭിറാം മനോഹർ| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (13:20 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത് ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ റെക്കോഡുകൾ വാരിക്കൂട്ടി ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. ഈ വർഷം മാത്രം 6 ടെസ്റ്റ് സെഞ്ചുറികളാണ് താരം നേടിയത്. ഇതിൽ നാലെണ്ണവും ഇന്ത്യക്കെതിരെയാണ്.

ലീഡ്‌സില്‍ മിന്നും തുടക്കം ലഭിച്ച ഇംഗ്ലണ്ടിനായി 165 പന്ത് നേരിട്ട ജോ റൂട്ട് 121 റൺസെടുത്തു. ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറിയാണ് റൂട്ട് നേടിയത്. 33 സെഞ്ചുറികൾ നേടിയ മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കിന്റെ പേരിലാണ് ഇംഗ്ലീഷ് റെക്കോർഡ്. അതേസമയം ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന മുൻ ഓസീസ് താരത്തിൻറ്റെ റെക്കോഡിനൊപ്പമെത്താൻ ഒരു സെഞ്ചുറി മാത്രമെ റൂട്ടിന് ആവശ്യമുള്ളു. 2006ൽ 7 ടെസ്റ്റ് സെഞ്ചുറികളാണ് പോണ്ടിങ് സ്വന്തമാക്കിയത്.

അതേസമയം ഇംഗ്ലീഷ് നായകനായി 55 ടെസ്റ്റിൽ നിന്നും റൂട്ടിന്റെ പന്ത്രണ്ടാം സെഞ്ചുറിയാണിത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്‌മാനെന്ന റെക്കോര്‍ഡ് റൂട്ട് സ്വന്തമാക്കി. ഇന്ത്യക്കെതിരെ എട്ടാം സെഞ്ചുറിയാണ് ലീഡ്സിൽ റൂട്ട് അടിച്ചെടുത്തത്. ഏഴ് വീതം സെഞ്ചുറി നേടി സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും അലിസ്റ്റര്‍ കുക്കിനെയുമാണ് റൂട്ട് പിന്നിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :