അഭിറാം മനോഹർ|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (14:12 IST)
ഏഷ്യാകപ്പ്, ലോകകപ്പ് ടൂര്‍ണമെന്റുകള്‍ അടുത്തെത്തിയതിനാല്‍ തന്നെ യുവതാരങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ പരമ്പരയായിരുന്നു വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര.പരമ്പരയിലെ പ്രകടനം കൊണ്ട് അവസരം മുതലെടുത്തത് ടീമിലെ ഓപ്പണര്‍ താരമായ ഇഷാന്‍ കിഷനാണ്. തുടര്‍ച്ചയായ 3 അര്‍ധസെഞ്ചുറികള്‍ നേടിയാണ് ഇഷാന്‍ കിഷന്‍ അവസരം മുതലാക്കിയത്. ഇതോടെ ചുരുക്കം താരങ്ങള്‍ മാത്രമുള്ള എലൈറ്റ് പട്ടികയില്‍ ഇടം നേടാനും കിഷനായി.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ 52 റണ്‍സും 55 റണ്‍സും നേടിയ ഇഷാന്‍ കിഷന്‍ മൂന്നാം ഏകദിനത്തില്‍ 77 റണ്‍സാണ് നേടിയത്. ഇതോടെ ഏകദിനത്തില്‍ 3 മത്സരങ്ങളടങ്ങിയ ദ്വിരാഷ്ട്ര പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇഷാന്‍ ഇടം നേടി. ക്രിഷ്ണമാചാരി ശ്രീകാന്ത്, ദിലീപ് വെങ്‌സര്‍ക്കാര്‍,മൊഹമ്മദ് അസ്ഹറുദ്ദീന്‍,എം എസ് ധോനി,ശ്രേയസ് അയ്യര്‍ എന്നിവര്‍ മാത്രമാണ് പട്ടികയില്‍ ഇഷാന്‍ കിഷനൊപ്പമുള്ളത്.
ഇതില്‍ കൃഷ്ണമാചാരി ശ്രീകാന്ത്, ദിലീപ് വെങ്‌സര്‍ക്കാര്‍,മൊഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ ശ്രീലങ്കക്കെതിരെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1982, 1985,1993 വര്‍ഷങ്ങളിലായിരുന്നു താരങ്ങളുടെ റെക്കോര്‍ഡ് പ്രകടനം. 1993 ശേഷം 3 മത്സരങ്ങളില്‍ തുടര്‍ച്ചയായി മറ്റൊരു ഇന്ത്യന്‍ താരം അര്‍ധസെഞ്ചുറി നേടുന്നത് പിന്നീട് 2019ലാണ്. ഓസ്‌ട്രേലിയക്കെതിരെ എം എസ് ധോനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് 2020ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യരും ഈ നേട്ടം സ്വന്തമാക്കി.