അഭിറാം മനോഹർ|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (12:19 IST)
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് മലയാളിതാരം സഞ്ജു സാംസണ്‍. മത്സരത്തില്‍ 41 പന്തില്‍ നിന്നും 51 റണ്‍സടിച്ച സഞ്ജു അര്‍ധസെഞ്ചുറിക്ക് പിന്നാലെ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 4 സിക്‌സും 2 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അഞ്ചാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ക്കാനും സഞ്ജുവിനായി.
അതേസമയം ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി മത്സരത്തിന്റെ ഇടവേളയില്‍ സഞ്ജു സാംസണ്‍ പറഞ്ഞു. ടീമിന് വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുകയെന്നത് സന്തോഷമുള്ള കാര്യമാണ്. ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്താനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. ഒരു ഇന്ത്യന്‍ ക്രിക്കറ്ററായി ഇരിക്കുക എന്നത് തന്നെ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്.
കഴിഞ്ഞ 89 വര്‍ഷമായി ഞാന്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയ്ക്കായും കളിക്കുന്നുണ്ട്. ഇത് മത്സരത്തിലെ ഓരോ പൊസിഷനെ പറ്റിയും മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. സന്ദര്‍ഭത്തിനനുസരിച്ച് നിങ്ങള്‍ കളിക്കുക എന്നതാണ് പ്രധാനം. എത്രത്തോളം ഓവര്‍ കളിക്കാനാകും എന്നതാണ് പ്രധാനം. അതിനനുസരിച്ച് നമ്മള്‍ തയ്യാറെടുക്കണം. പഴയ പന്തുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുക അല്പം ബുദ്ധിമുട്ടായിരുന്നു. ഇത്രയും വലിയ സ്‌കോര്‍ നേടുക എന്നത് അനായാസമായിരുന്നില്ല. എല്ലാ ക്രെഡിറ്റും മധ്യനിരയ്ക്കുള്ളതാണ്. സഞ്ജു പറഞ്ഞു.