അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (12:38 IST)
2023 നവംബര്‍ മാസത്തിലെ പത്തൊമ്പതാം തീയ്യതി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ദിവസമായിരിക്കും. ഏകദിന ലോകകപ്പിലെ അത് വരെയുള്ള എല്ലാ മത്സരങ്ങളിലും ആധികാരികമായി വിജയം സ്വന്തമാക്കിയ ശേഷം ഫൈനല്‍ ദിനത്തില്‍ വിജയപ്രതീക്ഷയുമായി എത്തിയ ഇന്ത്യന്‍ നിരയെ ഓസീസ് ബൗളര്‍മാരും ബാറ്റര്‍മാരും ചേര്‍ന്ന് നിലം പരിശാക്കിയപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ന്നുപോയിരുന്നു.
ബൈലാറ്ററല്‍ സീരീസുകളില്‍ ഏത് ടീമിനെയും തോല്‍പ്പിക്കുമെങ്കിലും 10 വര്‍ഷക്കാലത്തിന് മുകളിലായി ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല എന്നത് ആരാധകരെ നിരാശയുടെ പടുകുഴിയിലാണ് വീഴ്ത്തിയത്. ഇന്ന് ഓസീസിനെതിരെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് പോരാട്ടമാണെങ്കിലും ഇന്ത്യക്കെതിരെ വിജയിച്ചെങ്കില്‍ മാത്രമെ ഓസീസിന് ടൂര്‍ണമെന്റില്‍ മുന്നൊട്ട് പോകാനാകു. അതിനാല്‍ തന്നെ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ വിജയിക്കാനായാല്‍ ആ നവംബര്‍ 19ന്റെ കണക്ക് വീട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് ലൂസിയയില്‍ നടക്കുന്ന മത്സരത്തില്‍ മഴയും ആശങ്കകള്‍ സമ്മാനിക്കുന്നുണ്ട്. ഇന്നത്തെ മത്സരം മഴ മുടക്കുകയാണെങ്കില്‍
ഇന്ത്യ സെമി ഫൈനല്‍ യോഗ്യത നേടും. ബംഗ്ലാദേശിനെതിരെ അഫ്ഗാന്‍ വിജയിക്കുകയാണെങ്കില്‍ അഫ്ഗാനായിരിക്കും ഇന്ത്യയ്‌ക്കൊപ്പം സെമിയിലേക്ക് പ്രവേശിക്കുക. സൂപ്പര്‍ എട്ടില്‍ ഇന്ന് നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് വിജയിക്കാനായാല്‍ മധുരപ്രതികാരത്തിനൊപ്പം ഇന്ത്യന്‍ ടീമിനും അത് വലിയ ആത്മവിശ്വാസം നല്‍കും. അഫ്ഗാനെതിരായ അപ്രതീക്ഷിത തോല്‍വിക്ക് ശേഷമാണ് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഒരു തോല്‍വി ഓസീസിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കും എന്നതിനാല്‍ നേരത്തെ ഓസീസിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കാന്‍ തന്നെയാകും ഇന്ത്യ ശ്രമിക്കുക.