ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം; ടെന്‍ഷനടിച്ച് സാനിയ മിര്‍സ, ആരെ പിന്തുണയ്ക്കും? ഭര്‍ത്താവിനെയോ മാതൃരാജ്യത്തെയോ ! സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനം

രേണുക വേണു| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (15:41 IST)

ടി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനു കളമൊരുങ്ങി കഴിഞ്ഞു. ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒക്ടോബര്‍ 24 നാണ് മത്സരമെങ്കിലും ഇപ്പോള്‍ തന്നെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി തുടങ്ങി. ഇതിനിടയില്‍ ഏറ്റവും ടെന്‍ഷനടിച്ച് കഴിയുന്നത് ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയാണ്. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ആരെ പിന്തുണയ്ക്കണമെന്ന സംശയത്തിലാണ് താരം. പാക്കിസ്ഥാന്‍ ടി 20 സ്‌ക്വാഡില്‍ ഉള്ള ഷോയ്ബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. മാതൃരാജ്യമായ ഇന്ത്യയ്‌ക്കൊപ്പമാണ് എപ്പോഴും തന്റെ മനസെന്ന് സാനിയ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, സ്വന്തം ജീവിതപങ്കാളിയുടെ വിക്കറ്റ് വേഗം പോകണമെന്ന് സാനിയ ആഗ്രഹിക്കില്ലല്ലോ !

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുന്ന ദിവസവും അതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്ന കാര്യം ആലോചിക്കുകയാണ് സാനിയ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുന്ന ദിവസം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നാലോ എന്ന് താന്‍ ആലോചിക്കുന്നതായി സാനിയ പറഞ്ഞത്. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല.

ഇന്ത്യക്കാരിയെന്ന നിലയില്‍ ഇന്ത്യയുടെ വിജയം കാണാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് സാനിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഭര്‍ത്താവ് ഷോയ്ബ് മാലിക്ക് നന്നായി കളിക്കണമെന്ന് തന്നെയാണ് സാനിയയുടെ ആഗ്രഹം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ താന്‍ പലവിധ ട്രോളുകളും വ്യക്തിഹത്യകളും നേരിടേണ്ടി വരാറുണ്ടെന്നും അതിനാലാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്താലോ എന്ന് ആലോചിക്കുന്നതെന്നും സാനിയ പറയുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ സാനിയ നടത്തുന്ന ചെറിയ പ്രതികരണങ്ങള്‍ പോലും വലിയ വാര്‍ത്തയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കാന്‍ താരം ആഗ്രഹിക്കുന്നത്.

സാനിയയുടെ വീഡിയോ പോസ്റ്റിന് താഴെ രസകരമായ പല കമന്റുകളും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള തീരുമാനത്തെ 'നല്ല ബുദ്ധി' എന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് വിശേഷിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :