അഡ്‌ലെയ്‌ഡില്‍ കളി ഇന്ത്യന്‍ വരുതിയില്‍; കോഹ്‌ലിയുടെ തന്ത്രം നടപ്പാകണമെങ്കില്‍ രോഹിത്തും പന്തും വിചാരിക്കണം

അഡ്‌ലെയ്‌ഡില്‍ കളി ഇന്ത്യന്‍ വരുതിയില്‍; കോഹ്‌ലിയുടെ തന്ത്രം നടപ്പാകണമെങ്കില്‍ രോഹിത്തും പന്തും വിചാരിക്കണം

   virat kohli , team india , adelaide , cricket , kohli , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം , അഡ്‌ലെയ്‌ഡ് ടെസ്‌റ്റ് , ചേതേശ്വര്‍ പൂജാര
അഡ്‌ലെയ്‌ഡ്| jibin| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (16:01 IST)
ദക്ഷിണാഫ്രിക്കയിലും പിന്നീട് ഇംഗ്ലണ്ടിലും കളഞ്ഞുകുളിച്ച ജയം അഡ്‌ലെയ്‌ഡില്‍ പിടിച്ചെടുക്കാനുള്ള സുവര്‍ണാവസരമാണ് വിരാട് കോഹ്‌ലിക്ക് ലഭിച്ചിരിക്കുന്നത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

166 റൺസിന്റെ ലീഡാണ് ഇതുവരെയുള്ളതെങ്കിലും കളിയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇന്ത്യയാണുള്ളത്. 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്ണുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിലുള്ളപ്പോള്‍ 350 റണ്‍സിനു മുകളിലുള്ള സ്‌കോറാണ് കോഹ്‌ലി സ്വപ്‌നം കാണുന്നത്.

കോഹ്‌ലി പുറത്തായത് തിരിച്ചടിയായെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു താരം റണ്‍സ് കണ്ടെത്തിയാല്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരും.

നാലം ദിനം ആദ്യ സെഷനില്‍
പ്രതിരോധം തീര്‍ക്കുകയെന്നതാകും പൂജാരയുടെയും രഹാനെയുടെയും പ്രധാന
ജോലി. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്‌ടമായാല്‍ സ്‌കോര്‍ 300ന് അപ്പുറം കടക്കില്ല. ലഞ്ചിന് മുമ്പ് ഭേദപ്പെട്ട സ്‌കോ ര്‍ കണ്ടെത്തുകയും വേണം. ഈ ഘട്ടത്തില്‍ രോഹിത് ശര്‍മ്മയ്‌ക്കും റിഷഭ് പന്തിനുമായിരിക്കും ഉത്തരവാദിത്വം വര്‍ദ്ധിക്കുക.

പൂജാരെ സ്‌കോറിന് അടിത്തറയിട്ടാല്‍ റണ്‍ നിരക്ക് വേഗത്തിലാക്കേണ്ട ജോലി രോഹിത്തും പന്തും ഏറ്റെടുക്കണം. ലഞ്ചിനു മുമ്പായി ലീഡ് 400 കടന്നാല്‍ കളിയില്‍ ഇന്ത്യ സ്വാധീനമുറപ്പിക്കും. ലഞ്ചിനു ശേഷം അധികനേരം ബാറ്റ് ചെയ്യാന്‍ കോഹ്‌ലി താല്‍പ്പര്യം കാണിക്കില്ല. കൈയില്‍ ഒന്നര ദിവസമുള്ളതിനാല്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരിക്കും ലക്ഷ്യം.

പിച്ച് ബാറ്റിംഗിന് അനുകൂലമാകുന്നത് കോഹ്‌ലിയില്‍ പ്രതീക്ഷയും സമ്മര്‍ദ്ദവുമുണ്ടാക്കുന്നുണ്ട്. നാലാം ദിനം മുന്നോ നാലോ ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ അവസാന ദിവസം കാര്യങ്ങള്‍ എളുപ്പമാകും. ആദ്യ ഇന്നിംഗ്‌സില്‍ മികച്ച ബോളിംഗ് പുറത്തെടുത്ത അശ്വനിലും ബുമ്രയിലുമാണ് കൂടുതല്‍ പ്രതീക്ഷ.

24 ഓവറിൽ 47 റൺസ് വഴങ്ങി ബുമ്ര മൂന്നു വിക്കറ്റെടുത്തപ്പോള്‍ 34 ഓവറിൽ 57 റൺസ് വഴങ്ങി അത്രയും വിക്കറ്റുകള്‍ അശ്വിനും സ്വന്തമാക്കി. നഥാൻ ലിയോണിന് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ നിന്നും അശ്വിന് കൂടുതല്‍ നേട്ടമുണ്ടാക്കാം.

ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷാമിയും കൂടി ആഞ്ഞടിച്ചാല്‍ അഡ്‌ലെയ്‌ഡില്‍ ഇന്ത്യ ചിരിക്കുമെന്നതില്‍ സംശയമില്ല. അതേസമയം, മൂന്നാം ദിവസം രസം കൊല്ലിയായി മഴ എത്തിയത് കോഹ്‌ലിയെ ആശങ്കപ്പെടുത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :