മിര്‍പൂര്‍|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (10:34 IST)
ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം. 77 റണ്‍സിനാണ്
ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 317/6 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ബംഗ്ളാദേശ് 47 ഓവറിൽ 240ന് പുറത്താകുകയായിരുന്നു.
ടോസ് നേടിയ ബംഗ്ലാദേശ്
ഇന്ത്യയെ ബാറ്റിംഗിനു അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് രോഹിത് ശര്‍മ–ശിഖര്‍ ധവാന് സഖ്യം ഇന്ത്യക്ക് നല്‍കിയത്.
എന്നാല്‍ രോഹിതിനെ (29) പുറത്താക്കി മുസ്താഫിസുര്‍ റഹ്മാന് ഇന്ത്യയ്ക്ക് തിരിച്ചടി നല്കി. ഇന്ത്യയെ വരിഞ്ഞുമുറുക്കാമെന്ന പ്രതീക്ഷിച്ച ബംഗ്ലാ ബൌളര്‍മാരുടെ കണക്കൂട്ടലുകള്‍ ധവാനും വിരാട് കോഹ്ലിയും തല്ലിക്കെടുത്തി. ഇരുവരും രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് നേടി ഇന്ത്യയെ നൂറുകടത്തി. എന്നാല്‍ വ്യക്തിഗത സ്കോര്‍ 25 ല്‍ നില്ക്കുമ്പോള് കോഹ്ലിയെ ഷക്കീബ് അല്‍ ഹസന് ക്ലീന്‍ബൌള്‍ഡാക്കി. തുടര്‍ന്ന് എത്തിയ ധോണി ധവാനൊപ്പം ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയിലേക്കു നയിച്ചു. എന്നാല്‍, ധവാനെ (75) മോര്‍ത്താസ നാസിര്‍ ഹുസൈന്റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് തകര്‍ത്തു. 73 പന്ത് നേരിട്ട ധവാന്റെ ബാറ്റില്‍നിന്നും പത്ത് ബൌണ്ടറികള്‍ പിറന്നു.
കഴിഞ്ഞ കളിയില്‍ പൂജ്യനായി മടങ്ങിയ അമ്പാടി റായ്ഡു നായകനൊപ്പം മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചു. റായ്ഡു– ധോണി നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് പിറന്നു. എന്നാല്‍ മോര്ത്താസയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച റായുഡു (44) വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിനു ക്യാച്ച് നല്കി പുറത്തായി. റായുഡുവിന്റെ പാഡില്‍ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയതെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു. അധികം വൈകാതെ ധോണിയെ (69) മോര്‍ത്താസ തന്നെ പുറത്താക്കി. റഹ്മാനാണ് ക്യാച്ചെടുത്തത്. ഇന്ത്യന്‍ നായകന് 77 പന്തില്‍ ആറ് ഫോറും ഒരു സിക്സറും പറത്തി. റെയ്നയും സ്റ്റുവര്‍ട്ട് ബിന്നിയും ഇന്ത്യയെ മുന്നൂറു കടത്തി. റെയ്നയെ (38)
റഹ്മാന് പുറത്താക്കി. ബിന്നി (17), അഷ്കര്‍ പട്ടേല്‍ (10) എന്നിവര്‍ പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ബംഗ്ളാദേശിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. ടീം സ്കോർ എട്ടിൽ നിൽക്കെ ഓപ്പണർ തമിം ഇഖ് ബാലിനെ (5) ധവാൻ കുൽക്കർണി എൽ.ബി.ഡബ്ളുവിൽ കുരുക്കി. തുടർന്ന് സൗമ്യ സർക്കാരും (40), ലിട്ടൺ ദാസുംചേർന്ന് 56 റൺ കൂട്ടിച്ചേർത്തു. ഈ സഖ്യത്തെ 10-ആം ഓവറിൽ കുൽക്കർണി തകർത്തു. തുടർന്നിറങ്ങിയ മുഷ്ഫിഖുർ റഹിമിനൊപ്പം (24) ലിട്ടൺ ദാസ് സ്കോർ 100 കടത്തി. 19-ആം ഓവറിൽ 112 ൽ വച്ച് മുഷ്ഫിക്കുറിനെ റെയ്ന പുറത്താക്കി. ആറ് റൺകൂടി നേടുന്നതിനിടയിൽ ലിട്ടൺ ദാസും പുറത്തായി. തുടർന്ന് ക്രീസിലൊരുമിച്ച ഷാക്കിബും (20), സാബിറും (43) ചേർന്ന് പൊരുതിയെങ്കിലും 27-ആം ഓവറിൽ ഷാക്കിബിനെയും റെയ്ന മടക്കി അയച്ചു. 33-ആം ഓവറിൽ ബിന്നി സാബിറിനെയും 36-ആം ഓവറിൽ അശ്വിൻ മൊർത്താസയെയും പുറത്താക്കിയത് കളി ഇന്ത്യയുടെ കൈയ്യിലാകുകയായിരുന്നു.