എനിക്കുറപ്പാണ് അടുത്തതായി ധോനി തന്നെ ഇറങ്ങുമെന്ന്, പോണ്ടിങ് പറയുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (13:38 IST)
എംഎസ് ധോനി ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളാണെന്ന് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. ധോനിക്കെതിരെ മികച്ച രീതിയിൽ പന്തെറിയാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും അതിന് വലിയ വിലക്കൊടുക്കേണ്ടിവന്നുവെന്നും പോണ്ടിങ് പറഞ്ഞു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മത്സരത്തിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ റോബിൻ ഉത്തപ്പയുടെയും സീസണില്‍ മികച്ച പ്രകടനം തുടരുന്ന ഋതുരാജ് ഗെയ്ക്വാദിന്റെയും ഇന്നിങ്സുകളാണ് സൂപ്പര്‍ കിങ്സിനെ വിജയത്തോടടുപ്പിച്ചത്. ഡൽഹി ഉയർത്തിയ 173 റൺസ് എന്ന വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്കായി വെറും ആറ് പന്തിൽ നിന്ന് 3 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 18 റൺസെടുത്ത് പുറത്താവാതെ നിന്ന ധോനിയാണ് ചെന്നൈ വിജയം ഉറപ്പാക്കിയത്.

ധോനി ഒരു ഇതിഹാസം തന്നെയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. ആ സമയത്ത് ജഡേജയാണോ ധോനിയാണോ എന്ന് ചിന്തിച്ച് ഡഗ്ഔട്ടിലിരിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ ഞാന്‍ കൈ ഉയര്‍ത്തി ധോനി തന്നെ ഇപ്പോള്‍ ഉറപ്പായും ഇറങ്ങുമെന്നും കളി സ്വന്തമാക്കുമെന്നും പറഞ്ഞു. പോണ്ടിങ് പറഞ്ഞു.

അദ്ദേഹത്തിനെതിരെ ഞങ്ങൾക്ക് കാര്യങ്ങൾ വേണ്ടവിധത്തിൽ ചെയ്യാനായില്ല. അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. ഈ കാര്യം അദ്ദേഹം ഏറെക്കാലമായി ചെയ്യുന്നു. ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാൾ ആയിട്ടാണ് ധോനിയുടെ സ്ഥാനം. പോണ്ടിങ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :