അഭിറാം മനോഹർ|
Last Modified ഞായര്‍, 23 ജൂണ്‍ 2024 (15:59 IST)
ടി20 ക്രിക്കറ്റിലും ഏകദിനത്തിലും ഇന്ത്യ ലോകകപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ 2 ലോകകപ്പിലെയും ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍ വഹിച്ചത്. നിലവില്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിന്റെ പേരാണ് ഏറ്റവും അധികം ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതിനിടെ 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം തനിക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് കരിയറിലെ ഏറ്റവും വലിയ നിരാശയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗംഭീര്‍.
അന്ന് ഇന്ത്യന്‍ ഓപ്പണറായി ഇറങ്ങിയ ഗംഭീര്‍ 97 റണ്‍സുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ അര്‍ഹിച്ച സെഞ്ചുറിക്ക് 3 റണ്‍സകലെ പുറത്തായതോടെ ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിയെന്ന സ്വപ്നതുല്യമായ നേട്ടം ഗംഭീറിന് അന്യമായി. ടീം തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തി നിര്‍ണായകമായ 91 റണ്‍സും ഒപ്പം വിജയറണ്‍സും കുറിച്ച നായകന്‍ എം എസ് ധോനിയെയാണ് ക്രിക്കറ്റ് ലോകം ഏറെയും ആഘോഷമാക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗംഭീറിന്റെ പ്രതികരണം.
ലങ്കക്കെതിരായ ഫൈനല്‍ മത്സരം ഫിനിഷ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മറ്റൊരാളെ ആ ജോലി ഏല്‍പ്പിച്ചത് ശരിയായില്ല എന്ന തോന്നല്‍ തനിക്ക് ഇപ്പോഴുമുണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഭൂതകാലത്തിലേക്ക് മടങ്ങാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ആ വിജയറണ്‍ താന്‍ നേടിയേനെയെന്നും ഗംഭീര്‍ വ്യക്തമാക്കി. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ ആദ്യമായി സ്വന്തമാക്കിയപ്പോഴും ഫൈനല്‍ മത്സരത്തില്‍ ഗംഭീര്‍ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.