അഭിറാം മനോഹർ|
Last Modified ഞായര്‍, 23 ജൂണ്‍ 2024 (08:58 IST)
2024ലെ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേട്ടം സ്വന്തമാക്കി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേട്ടം സ്വന്തമാക്കിയ കമ്മിന്‍സ് ഇന്ന് അഫ്ഗാനെതിരെയാണ് നേട്ടം ആവര്‍ത്തിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിലെ എട്ടാമത് ഹാട്രിക്കും ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കുമാണ് താരം സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ 2 തവണ ഹാാട്രിക് സ്വന്തമാക്കുന്ന ആദ്യതാരമെന്ന നേട്ടവും കമ്മിന്‍സ് സ്വന്തമാക്കി.
മത്സരത്തില്‍ തന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാനെ(2) മടക്കിയ കമ്മിന്‍സ് അവസാന ഓവറിലെ ആദ്യ പന്തില്‍ കരിം ജനത്തിനെ (13) മടക്കി. തൊട്ടടുത്ത പന്തില്‍ റണ്‍സൊന്നും നേടാത്ത ഗുല്‍ബതിനെ മടക്കികൊണ്ട് ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു. 13.2 ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും പോകാതെ 100 റണ്‍സ് എടുത്ത് നിന്ന അഫ്ഗാന്‍ ഇന്നിങ്ങ്‌സ് ഇതോടെ 148 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ അവസാനിച്ചു. അവസാന ഓവറുകളില്‍ മികച്ച ബൗളിംഗോടെ ഓസീസ് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. കമ്മിന്‍സിന്റെ 3 വിക്കറ്റുകള്‍ക്ക് പുറമെ ആദം സാമ്പ 2 വിക്കറ്റും സ്റ്റോയ്‌നിസ് ഒരു വിക്കറ്റും നേടി.