കീപ്പിംഗ് ഓപ്ഷനായി ഇനി ജുറലും, രാജസ്ഥാന്റെ ഫിനിഷര്‍ സഞ്ജുവിന്റെ കരിയര്‍ ഫിനിഷറാകുമോ?

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ഫെബ്രുവരി 2024 (14:38 IST)
Jurel
ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ പക്വതയാര്‍ന്ന ബാറ്റിംഗ് പ്രകടനത്തോടെ ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ യുവതാരം ധ്രുവ് ജുറല്‍. റിഷഭ് പന്തിന് പരിക്കായതിനെ തുടര്‍ന്ന് ഒഴിച്ചിട്ടുപോയ കീപ്പര്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ പാകത്തിലുള്ള പ്രകടനങ്ങളാണ് ഇക്കഴിഞ്ഞ 2 മത്സരങ്ങളിലായി ധ്രുവ് ജുറല്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്റെ ഫിനിഷര്‍ താരമെന്ന നിലയില്‍ തകര്‍ത്തടിച്ച താരമാണ് ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തോളിലേറ്റിയത് എന്നത് ജുറലിന്റെ പ്രതിഭ എത്രയെന്ന് കാണിക്കുന്നതാണ്.

2023ലെ ഐപിഎല്‍ സീസണില്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പായിക്കാന്‍ കഴിയുള്ള താരമായാണ് ധ്രുവ് ജുറലിനെ രാജസ്ഥാന്‍ ടീം ഉപയോഗിച്ചത്. 13 മത്സരങ്ങളില്‍ നിന്നും 172 സ്‌െ്രെടക്ക് റേറ്റില്‍ 152 റണ്‍സായിരുന്നു കഴിഞ്ഞ സീസണില്‍ താരത്തിന്റെ സമ്പാദ്യം. ഫിനിഷിംഗ് റോളില്‍ കഴിവ് തെളിയിച്ചുകഴിഞ്ഞ ജുറല്‍ ഇപ്പോള്‍ ടെസ്റ്റിലും തന്റെ പ്രതിഭ തെളിയിക്കുമ്പോള്‍ ഇന്ത്യയുടെ ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

നിലവില്‍ ഇഷാന്‍ കിഷന്‍ ടീമില്‍ നിന്നും മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ടി20യില്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരെയാണ് ഇന്ത്യന്‍ ടീം പരിഗണിക്കുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ജുറല്‍ ഇതേ പ്രകടനം തുടരുകയാണെങ്കില്‍ സഞ്ജുവിന് വെല്ലുവിളിയായി ജുറലും മാറുമെന്ന് ഉറപ്പാണ്. രാജസ്ഥാന്റെ ഫിനിഷറായ ജുറല്‍ സഞ്ജുവിന്റെ കരിയറിനും ഫിനിഷറാകുമോ എന്നതിന്റെ ഉത്തരം സമീപഭാവിയില്‍ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :