ഏഷ്യാകപ്പിലും പ്രകടനം മോശമായാൽ പണിപാളും, കോലിയ്ക്കിത് അഗ്നിപരീക്ഷണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (13:26 IST)
ലോകക്രിക്കറ്റിലെ അനവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് ഇന്ത്യയുടെ വിരാട് കോലി. 100 സെഞ്ചുറി നേട്ടമെന്ന സച്ചിൻ്റെ റെക്കോർഡ് അധികം വൈകാതെ തന്നെ കോലി തകർക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ട് വർഷക്കാലമായി കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കോലി കടന്നുപോകുന്നത്.

മോശം ഫോമിനെ തുടർന്ന് കഴിഞ്ഞ ഏതാനും പരമ്പരകളിൽ നിന്ന് വിട്ടുനിന്ന കോലി ഏഷ്യാകപ്പിലൂടെയാണ് ടീമിൽ മടങ്ങിയെത്തുന്നത്.
ഒക്ടോബർ നവംബർ മാസത്തിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കൂടി ആരംഭിക്കാനിരിക്കെ ഏഷ്യാ കപ്പിൽ ഫോമിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ ചോദ്യങ്ങളാകും കോലിയ്ക്ക് നേരിടേണ്ടിവരിക.

ഏഷ്യാകപ്പിന് മുന്നോടിയായി കോലി ഈയാഴ്ച തന്നെ മുംബൈയിൽ പരിശീലനം ആരംഭിക്കുമെന്നാണ് പുറത്തുവരുന്നറിപ്പോർട്ടുകൾ. തന്‍റെ അപാര്‍ട്‌മെന്‍ഡില്‍ കോലി ഇതിനകം ജിം വര്‍ക്കൗട്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ ഓഗസ്റ്റ് 27നാണ് ഏഷ്യാകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ഏഷ്യാകപ്പിൽ 11 ഏകദിനങ്ങളിൽ നിന്ന് 61.3 ബാറ്റിങ് ശരാശരിയിൽ 613 റൺസും മൂന്ന് സെഞ്ചുറിയും കോലി നേടിയിട്ടുണ്ട്. കൂടാതെ അഞ്ച് ടി20 മത്സരങ്ങളിൽ 76.5 ശരാശരിയില്‍ 176 റണ്‍സും കോലിക്കുണ്ട്. ഇക്കുറി ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :