അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 ജൂലൈ 2023 (16:23 IST)
ഏകദിന ലോകകപ്പ് ചരിത്രത്തിലാദ്യമായി വെസ്റ്റിന്‍ഡീസ് ഇല്ലാത്ത ആദ്യത്തെ ലോകകപ്പാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. ഒരു വ്യാഴവട്ടക്കാലത്തോളം ലോക ക്രിക്കറ്റിന് അടക്കിഭരിച്ച വിവ് റിച്ചാര്‍ഡ്‌സ്,ലാറ,ചന്ദര്‍പോള്‍ തുടങ്ങി ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച വിന്‍ഡീസ് ഇല്ലാതെ ഒരു ലോകകപ്പെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടുനിന്നത്. ലോകക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകളോട് കൂടി പരാജയപ്പെട്ട് ആത്മവിശ്വാസം തകര്‍ന്ന നിരയായി നില്‍ക്കുമ്പോഴാണ് ഇന്ത്യക്കെതിരായ ഏകദിന,ടി20,ടെസ്റ്റ് പരമ്പരകള്‍ക്ക് വെസ്റ്റിന്‍ഡീസ് തയ്യാറെടുക്കുന്നത്.
അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ വലിയ നാണക്കേടില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്ന ചിന്തയിലാണ് വെസ്റ്റിന്‍ഡീസ്. ഇതിന്റെ ഭാഗമായി ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ സേവനം തേടിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്ന വിന്‍ഡീസ് ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കാന്‍ ലാറയ്ക്കാകുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജൂലൈ 12നാണ് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ്. ഇതിന് ശേഷം 20ന് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കും. ജൂലൈ 27,29, ഓഗസ്റ്റ് 1 തീയ്യതികളിലാണ് ഏകദിനമത്സരങ്ങള്‍. ഓഗസ്റ്റ് 3,6,8,12,13 തീയ്യതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക.