രഹാനെയെ തന്നെ ടെസ്റ്റ് നായകനായി നിലനിർത്തണം, ആവശ്യം ശക്തം

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 21 ജനുവരി 2021 (11:07 IST)
ഗാബ്ബയിൽചരിത്രം തിരുത്തിക്കുറിച്ച് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിർത്തിയതിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യയുടെ യുവനിരയാണ്. അവർക്ക് ദിശാബോധം നൽകിയതാവട്ടെ നായകൻ അജിങ്ക്യ രഹാനെയും. ചരിത്ര നേട്ടത്തിൽ നിലയ്ക്കാത്ത അഭിനന്ദനങ്ങളാണ് രഹാനെയെ തേടിയെത്തുന്നത്. 36 റൺസിന് ഓൾഔട്ടായി നാണക്കേടിന്റെ പടുകുഴിയിൽ വീണിടത്തുനിന്നു സമീപകാലത്ത് നേരിട്ടിട്ടില്ലാത്ത തരത്തിൽ താരങ്ങളുടെ പരിക്കും, ഓസ്ട്രേലിയയിലെ തെറ്റായ പ്രവണതകളും തീർത്ത പ്രതിസന്ധികളും തരണം ചെയ്താണ് ഈ നേട്ടത്തിലേയ്ക്ക് രഹാനെ ടീമിനെ എത്തിച്ചത്.

അതിനാൽ തന്നെ രഹാനെയെ ഇന്ത്യയുടെ ടെസ്റ്റ് നായകനായി നിലനിർത്തണം എന്ന ആവശ്യം ശക്തമാവുകയാണ്. ഇംഗ്ലണ്ട്നെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നായകനായി വിരാട് കോഹ്‌ലി മടങ്ങിയെത്തിയപ്പോൾ രഹാനെ ഉപനയകനായി. ഇതോടെയാണ് ഗബയിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച രഹാനെയെ തന്നെ ടെസ്റ്റ് ടീമിന്റെ നായകനാക്കണം എന്ന ആവശ്യം ശക്തമായത്. മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൺ അടക്കം ഇക്കാര്യം ആവശ്യപ്പെട്ടു. രഹാനെ നയിച്ച അഞ്ച് ടെസ്റ്റിലും ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല എന്നതാണ് ഈ ആവശ്യം ശക്തമാകാൻ പ്രധാന കാരണം. നായകസ്ഥാനത്തിന്റെ പ്രഷർ ഒഴിവാകുന്നതോടെ കോഹ്‌ലിയുടെ ബറ്റിങ് കൂടുതൽ മെച്ചപ്പെടും എന്നും അഭിപ്രായങ്ങൾ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :