മാപ്പ്, ആ ലൈക്ക് ഞാന്‍ നീക്കം ചെയ്തു: പാര്‍വതി തിരുവോത്ത്

രേണുക വേണു| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (17:57 IST)

മി ടൂ ആരോപണത്തില്‍ പ്രതിരോധത്തിലായ റാപ്പര്‍ ഹിരണ്‍ദാസ് മുരളിയുടെ (വേടന്‍) ക്ഷമാപണ പോസ്റ്റിന് നല്‍കിയ ലൈക്ക് പിന്‍വലിച്ച് നടി പാര്‍വതി തിരുവോത്ത്. വേടന്റെ പീഡനം അതിജീവിച്ച പെണ്‍കുട്ടിയോട് മാപ്പ് ചോദിച്ചാണ് പാര്‍വതി ഇക്കാര്യം അറിയിച്ചത്.

തങ്ങള്‍ ചെയ്ത തെറ്റ് സമ്മതിക്കാന്‍ കൂടുതല്‍ പുരുഷന്‍മാരും തയ്യാറാകില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് വേടന്റെ ക്ഷമാപണ പോസ്റ്റില്‍ ലൈക്ക് അടിച്ചതെന്ന് പാര്‍വതി വിശദീകരിച്ചു. വേടന്റെ ക്ഷമാപണം ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് അറിയാമെന്നും പോസ്റ്റിലെ ലൈക്ക് പിന്‍വലിക്കുകയാണെന്നും പാര്‍വതി പറഞ്ഞു. പീഡനത്തെ അതിജീവിച്ചവര്‍ തന്നെ വേടന്റെ മാപ്പ് പറച്ചില്‍ ആത്മാര്‍ഥമല്ലെന്ന് പറഞ്ഞതായി താന്‍ അറിഞ്ഞെന്നും അതുകൊണ്ടാണ് ലൈക്ക് പിന്‍വലിക്കുന്നതെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

മറ്റ് വഴികളൊന്നും ഇല്ലാതെ വന്നപ്പോള്‍ ആണ് വേടന്‍ മാപ്പ് ചോദിച്ചതെന്നും അത് ആത്മാര്‍ത്ഥമായ ക്ഷമാപണം അല്ലെന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അങ്ങനെയുള്ള പോസ്റ്റിന് താഴെ പാര്‍വതിയെ പോലൊരു നടി ലൈക്ക് അടിച്ചത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. ഇതിനു പിന്നാലെയാണ് പാര്‍വതിയുടെ വിശദീകരണം. ആരോപണ വിധേയനെ പിന്തുണയ്ക്കുന്ന സമീപനമാണോ പാര്‍വതിയുടേതെന്ന് പലരും ഫെയ്സ്ബുക്കില്‍ ചോദിച്ചു.

വേടന്റെ പോസ്റ്റിന് ലൈക്ക് നല്‍കിയ നടപടിയില്‍ വ്യക്തത വരുത്താന്‍ പാര്‍വതിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ഇതുപോലെ മാപ്പ് ചോദിച്ചാല്‍ അതിനെയും പാര്‍വതി അംഗീകരിക്കുമോ എന്ന് നിരവധി പേര്‍ ചോദിച്ചു.


തനിക്ക് നേര്‍ക്കുള്ള എല്ലാം വിമര്‍ശനങ്ങളും താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നുവെന്ന് വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പാര്‍വതി അടക്കമുള്ള ചില പ്രമുഖര്‍ ലൈക്ക് ചെയ്തിരിക്കുന്നത്. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട തന്നില്‍ നിന്ന് സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് താന്‍ നഷ്ടമാക്കിയതെന്നും വേടന്‍ ക്ഷമാപണ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :