കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 ഡിസംബര്‍ 2021 (10:18 IST)
കഴിഞ്ഞവര്‍ഷം മലയാളികള്‍ തിരുവോണം ആഘോഷിച്ചത് മണിയറയിലെ അശോകന്‍ കണ്ടുകൊണ്ടായിരുന്നു.നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.മണിയറയിലെ അശോകന്‍ സംവിധായകന്‍
ഷംസു സെയ്ബ 'ജെസ്സി' എന്ന ചിത്രം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. മധുരം ജീവാമൃത ബിന്ദു എന്ന ആന്തോളജിയുടെ ഭാഗമാണ് ഈ ചിത്രം. ഇപ്പോഴിതാ മധുരം സിനിമ കണ്ട സന്തോഷം അദ്ദേഹം പങ്കുവെച്ചു.
'രണ്ട് കൊല്ലം മുമ്പുള്ള ഒരു ഡിസംബര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ രാപ്പകലുകള്‍ തീര്‍ത്ത ഒരാഴ്ചക്കാലം. പ്രിയപ്പെട്ടവള്‍ അകത്ത് ലേബര്‍ റൂമിലാണ്. പ്രസവത്തിനായിരുന്നില്ല എന്ന് മാത്രം. പ്രഗ്‌നന്‍സി ബിഗിനിങ് സ്റ്റേജില്‍ കോംപ്ലിക്കേറ്റഡ് ആയി നാട്ടിലെ ഹോസ്പിറ്റലുകളില്‍ നിന്നെല്ലാം മടക്കി വിട്ടു ഒടുക്കം ചെന്നെത്തിയതാണ്. അബോര്‍ഷന് വേണ്ടി. സിനിമയൊക്കെ നിന്ന് , എല്ലാം കൊണ്ടും അത്ര നല്ലതല്ലാതിരുന്ന ആ സമയത്ത് ,ലൈഫില്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്തുകൊണ്ട് എല്ലാം ഒന്നില്‍ നിന്നു തുടങ്ങാം എന്നു പ്ലാന്‍ ചെയ്തിരിക്കുന്നിടത്താണ് ഒരാള്‍ അകത്തും മറ്റൊരാള്‍ പുറത്തുമാകുന്നത്. പരസ്പരം കാണാതെ , അകത്തും പുറത്തും എന്ത് സംഭവിക്കുന്നു എന്നറിയാത്ത കുറച്ചു ദിവസങ്ങള്‍. നാല് ദിവസത്തിനു ശേഷമാണ് അവളാ ലോകത്തു നിന്ന് ആദ്യമായി പുറത്തു ഇറങ്ങുന്നത്. ഒരു വീല്‍ ചെയറില്‍. അവള് പക്ഷെ , മുഖത്തോട്ട് നോക്കുന്നുണ്ടായിരുന്നില്ല. സ്‌കാനിങ് നു കൊണ്ട് പോകാന്‍ വീല്‍ ചെയറും പിടിച്ചു കൊണ്ട് താഴേക്ക് പോകുമ്പോഴും , അവിടെത്തി ടോക്കണ്‍ എടുത്തു അകത്തു കേറുമ്പോഴും ഒന്നും എനിക്ക് വേണ്ട ആ നോട്ടം കിട്ടിയിരുന്നില്ല. അവള്‍ മനപ്പൂര്‍വ്വം മുഖം തരുന്നില്ലാരുന്നു. അന്നാ മുഖം തരാതിരുന്നത് , കണ്ണിലേക്ക് നോക്കാതിരുന്നത് , മുമ്പൊരിക്കലും എന്നോട് തോന്നാത്തൊരു നാണം കണ്ടത് , എല്ലാം , പരിചയപ്പെട്ട കാലം മുതല്‍ അന്ന് വരെയുള്ള കാലയളവില്‍ ആദ്യമായിട്ട് പരസ്പരം വിശേഷങ്ങള്‍ അറിയാതെയുള്ള കുറച്ചു ദിവസങ്ങളുടെ ഇടവേളയുടെ ബാക്കിയായിരുന്നു. അവളുടുത്ത ഹോസ്പിറ്റല്‍ വേഷമായ വെളുത്ത നേര്‍ത്ത ചട്ടയും മുണ്ടിന്റെയും ഇമ്പാക്ട് ആണൊന്നറിയില്ല. ആ കാഴ്ചയിലും യാത്രയിലും എന്റെ ബാക്ക്ഗ്രൗണ്ടിലുണ്ടായിരുന്നത് ആമേനിലെ 'സോളമനും ശോശാമ്മയും കണ്ടു മുട്ടി'യിലെ ക്ലാര്‍നെറ്റിന്റെ ബി.ജി.എമ്മായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡിസംബറിലെ ഒരു രാത്രിയില്‍ ഒരുമിച്ചിരുന്നു മധുരം സിനിമ കണ്ടു കഴിഞ്ഞപ്പോ എനിക്കാ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടതും , അവള്‍ക്ക് അത്ര ഇഷ്ടപ്പെടാതെ പോയതിനും ഒരേ ഒരു കാരണമാണുള്ളത്. അന്ന് അവള്‍ ലേബര്‍ റൂമിന് അകത്തും , ഞാന്‍ പുറത്തുമായിരുന്നു. അകത്തെ കാഴ്ചകള്‍ മധുരത്തില്‍ കുറവായിരുന്നു. പുറത്തെ കാഴ്ചകളായിരുന്നു കൂടുതലും. അതിലുപരി, അവളന്ന് രോഗിയും ഞാന്‍ ബൈ സ്റ്റാന്‍ഡറുമായിരുന്നു.'- ഷംസു സെയ്ബ കുറിച്ചു.