ഒരാൾക്ക് വിജയമുണ്ടാകുമ്പോൾ അയാൾ പറയുന്നത് കേൾക്കാൻ എല്ലാവരുമുണ്ടാകും., അത് മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കരുത്: ആൻ്റണി വർഗീസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 11 മെയ് 2023 (12:39 IST)
സംവിധായകൻ ജൂഡ് ആൻ്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആൻ്റണി വർഗീസ്. തൻ്റെ കുടുംബത്തെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ചത് കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് ആൻ്റണി വർഗീസ് വ്യക്തമാക്കി. നിർമാതാവിൻ്റെ കയ്യിൽ നിന്നും പണം വാങ്ങി ആൻ്റണി വർഗീസ് തൻ്റെ പെങ്ങളുടെ കല്യാണം നടത്തിയെന്നും പിന്നീട് ആ സിനിമയുടെ ചിത്രീകരണത്തിന് 18 ദിവസങ്ങൾക്ക് മുൻപ് ആൻ്റണി വർഗീസ് പടത്തിൽ നിന്നും പിന്മാറിയെന്നും ജൂഡ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്കാണ് ആൻ്റണി വർഗീസ് മറുപടി നൽകിയിരിക്കുന്നത്.

എന്നെ പറ്റി ജൂഡ് ആൻ്റണി ഒരുപാട് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും വിമർശനങ്ങൾ അദ്ദേഹം നടത്തിക്കോട്ടെ അത് അദ്ദേഹത്തിൻ്റെ അഭിപ്രായസ്വാതന്ത്ര്യമാണ്. എന്നാൽ എൻ്റെ കുടുംബത്തെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു.കഴിഞ്ഞ 2 ദിവസമായി അച്ഛനും അമ്മയും പെങ്ങളും ഭാര്യയുമെല്ലാം കടുത്ത മനോവിഷമത്തിലാണ്. വീട്ടിൽ നിന്നും ഇവരാരും പുറത്തിറങ്ങുന്നില്ല. എനിക്ക് സമൂഹമാധ്യമങ്ങളിൽ കൂടി വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. അത് പോകട്ടെ എൻ്റെ ഭാര്യയുടെ പ്രൊഫൈലിലും അത്തരം മെസേജുകൾ വരുന്നു. എൻ്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാൻസ് തുക കൊണ്ടാണ് നടത്തിയതെന്ന് പറയുന്നത് സഹിക്കാൻ പറ്റില്ല.

എൻ്റെ മാതാപിതാക്കൾ അന്നുജത്തിയുടെ ചെറുപ്പകാലം മുതൽ അവളുടെ വിവാഹത്തിനായി സമ്പാദിക്കുന്നുണ്ട്. അവർ സമ്പാദിച്ച പണവും സിനിമയിൽ നിന്നും ഞാൻ ഉണ്ടാക്കിയ പണവും ഉപയോഗിച്ചാണ് വിവാഹം നടത്തിയത്. ഞാൻ 27 ജനുവരി 2020ന് നിർമാതാവിന് പണം തിരികെ നൽകിയിരുന്നു. സഹോദരിയുടെ വിവാഹം 18 ജനുവരി 2021നയിരുന്നു. അതായത് പണം തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. അതിൻ്റെ ബാങ്ക് രേഖകൾ ഞാൻ നൽകുന്നു. നിങ്ങൾക്ക് പരിശോധിക്കാം. അതായത് പണം നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വെച്ച് പോകാൻ പറ്റില്ലല്ലോ. സിനിമയുടെ സെക്കൻ്റ് ഹാഫിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതേപറ്റി സംസാരിച്ചപ്പോൾ ജൂഡ് ആൻ്റണി അസഭ്യം പറഞ്ഞു. ഇതിനെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയത്.മൂന്ന് വർഷം മുൻപ് ചർച്ച ചെയ്ത് സംഘടനകൾ വഴി പരിഹരിച്ച കാര്യമാണിത്. ജൂഡ് ആൻ്റണിയുടെ ഞാൻ കുടുംബസമേതമാണ് കണ്ടത്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എൻ്റെ കരിയർ നശിപ്പിക്കാൻ ഉപയോഗിക്കുന്നു. എൻ്റെ ഭാവിയെയാണ് ഇത് ബാധിക്കുന്നത്. എന്നെ എച്ച് സിനിമ എടുക്കാൻ പോകുന്ന നിർമാതാക്കൾ എന്ത് വിചാരിക്കും. ഒരാൾക്ക് വിജയമുണ്ടാകുമ്പോൾ അയാൾ പറയുന്നത് കേൾക്കാൻ എല്ലാവരുമുണ്ടാകും.ആൻ്റണി വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :