രേണുക വേണു|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (16:29 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. നിനച്ചിരിക്കാത്ത സമയത്താണ് സുകുമാരന്‍ മരണത്തിനു കീഴടങ്ങുന്നത്. വളരെ സന്തോഷത്തോടെ പോകുകയായിരുന്ന ആ കുടുംബത്തിന് സുകുമാരന്റെ വിയോഗം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
മരണത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് മൂത്ത മകന്‍ ഇന്ദ്രജിത്തിനെ കൊണ്ട് സുകുമാരന്‍ പാട്ട് പാടിപ്പിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് മല്ലിക സുകുമാരന്‍. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഈ സംഭവം വിവരിച്ചിരിക്കുന്നത്.
കുട്ടിക്കാലം മുതലേ ഇന്ദ്രജിത്തും പൃഥ്വിരാജും കലാരംഗത്ത് സജീവമായിരുന്നു. സ്‌കൂളില്‍ എല്ലാ പരിപാടികള്‍ക്കും മുന്‍പന്തിയിലുണ്ടാകും. മക്കളുടെ കലാവാസന കണ്ട് സുകുമാരന്‍ പലപ്പോഴും ഇവര്‍ രണ്ട് പേരും കറങ്ങി തിരിഞ്ഞ് സിനിമയില്‍ തന്നെ എത്തുമെന്ന് പറയാറുണ്ടെന്ന് മല്ലിക ഓര്‍ക്കുന്നു. സ്‌കൂളില്‍ മക്കളുടെ കലാപരിപാടികള്‍ നടക്കുമ്പോള്‍ അത് കാണാന്‍ സുകുമാരന്‍ സമയം കണ്ടെത്തി പോകുമായിരുന്നു.
മരിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഇന്ദ്രജിത്തിനെ കൊണ്ട് സുകുമാരന്‍ ഒരു പാട്ട് പാടിച്ചു. 'ഇവിടെ വാടാ പാട്ട് പാട്' എന്ന് സുകുമാരന്‍ ഇന്ദ്രജിത്തിനോട് പറയുകയായിരുന്നു. ഇന്ദ്രജിത്ത് പാടിയെന്നും മല്ലിക പറയുന്നു. മരിക്കുമെന്നൊന്നും അപ്പോള്‍ ഒരു ചിന്തയുമില്ലായിരുന്നെന്നും മല്ലിക പറഞ്ഞു.
മലയാളത്തിലെ അനശ്വര നടന്‍മാരില്‍ ഒരാളായ സുകുമാരന്റെ 24-ാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. പകര്‍ന്നാടാന്‍ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ബാക്കിവച്ചാണ് സുകുമാരന്‍ വിടവാങ്ങിയത്. സുകുമാരന്റെ മരണം തന്നെ വല്ലാതെ തളര്‍ത്തിയിരുന്നതായി ഭാര്യയും നടിയുമായ മല്ലിക സുകുമാരന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുകുമാരന്റെ മരണശേഷം ജീവിതം അവസാനിപ്പിക്കാന്‍ പോലും തനിക്ക് തോന്നിയിട്ടുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞിട്ടുണ്ട്. 'സുകുവേട്ടന്റെ മരണത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ പോലും ആലോചിച്ചവളാണ് ഞാന്‍. രണ്ടു മക്കളെയും നല്ല നിലയിലെത്തിക്കണമെന്ന സുകുവേട്ടന്റെ മോഹം സഫലീകരിക്കാനാണ് തുടര്‍ന്നും ജീവിച്ചത്. അതൊരു വാശിയായിരുന്നു. സുകുവേട്ടനെ വേദനിപ്പിച്ചവര്‍ക്കു മുന്നില്‍ മക്കളെ വളര്‍ത്തണമെന്ന വാശി,' മല്ലിക പറഞ്ഞു.
1945 മാര്‍ച്ച് 18 നാണ് സുകുമാരന്റെ ജനനം. കോളേജ് അധ്യാപകനായാണ് സുകുമാരന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.
എം.ടി.വാസുദേവന്‍ നായരുടെ നിര്‍മാല്യത്തില്‍ അവസരം ലഭിച്ചപ്പോള്‍ സുകുമാരന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. നിര്‍മാല്യത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ സിനിമയില്‍ കാര്യമായ അവസരം ലഭിച്ചില്ല. വീണ്ടും അധ്യാപന രംഗത്ത് തന്നെ ശ്രദ്ധ ചെലുത്താമെന്ന് സുകുമാരന്‍ ആ സമയത്ത് കരുതിയിരുന്നു. എന്നാല്‍, 1977 ല്‍ ശംഖുപുഷ്പം എന്ന ചിത്രത്തില്‍ സുകുമാരന് മികച്ച വേഷം ലഭിച്ചു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാകുകയായിരുന്നു അദ്ദേഹം.
ഗാന്ധര്‍വം, കഴുകന്‍, ശാലിനി എന്റെ കൂട്ടുകാരി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, കോളിളക്കം, പൊന്നും പൂവും, സന്ദര്‍ഭം, ഇരകള്‍, ആവനാഴി, പടയണി, മൂന്നാം മുറ, ഒരു സിബിഐ ഡയറിക്കുറിപ്പ്, സര്‍വകലാശാല, അധിപന്‍, ജാഗ്രത, ഉത്തരം, പിന്‍ഗാമി തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ പകര്‍ന്നാടി. 1997 ജൂണ്‍ 16 നാണ് സുകുമാരന്‍ അന്തരിച്ചത്.