അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (09:43 IST)
ഓണ റിലീസുകളായ കൊണ്ടല്‍,അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകള്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുമ്പോഴും മലയാള സിനിമയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത് ആസിഫ് അലി സിനിമയായ കിഷ്‌കിന്ധ കാണ്ഡമാണ്. പ്രേക്ഷകരെ ഒന്നാകെ തൃപ്തിപ്പെടുത്തുന്ന സിനിമയെന്നും മലയാള സിനിമയ്ക്ക് ലോകസിനിമയ്ക്ക് മുന്നില്‍ വെയ്ക്കാവുന്ന സിനിമയെന്നെല്ലാമാണ് കിഷ്‌കിന്ധാ കാണ്ഡത്തിന് ലഭിക്കുന്ന വിശേഷണങ്ങള്‍.
ഓരോദിവസം പിന്നിടും തോറും കളക്ഷനിലും കുതിപ്പ് നടത്താന്‍ സിനിമയ്ക്കാവുന്നുണ്ട്. അപ്പു പിള്ളയുടെയും അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥ പറയുന്ന
സിനിമ പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്തുന്ന ബേണിംഗ് ത്രില്ലറാണ്. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് സിനിമ റിലീസ് ചെയ്തത്.
ചുരുങ്ങിയ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ പ്രമുഖ എന്റര്‍ടെയ്‌ന്മെന്റ് സൈറ്റായ സാക്‌നില്‍കിസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 4.45 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഒന്നാം ദിവസം വെറും 45 ലക്ഷം രൂപയായിരുന്നു സിനിമ നേടിയത്. രണ്ടാം ദിവസം ഇത് 65 ലക്ഷമായി ഉയര്‍ന്നു. മൂന്നാം ദിവസം 1.35 കോടിയും നാലാം ദിവസം 2 കോടിയ്ക്കടുത്ത് കളക്ഷനുമാണ് സിനിമ നേടിയത്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.