ഡെന്നീസ് സാറിന്റെ അവസാന ചിത്രം തിയറ്ററുകളിലെത്തും, മൂന്ന് ദിവസം മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു: ഒമര്‍ ലുലു

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 11 മെയ് 2021 (13:34 IST)

ഡെന്നീസ് ജോസഫിന്റെ അവസാന ചിത്രം തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരക്കഥ രചിക്കുന്ന സിനിമ സംവിധാനം ചെയ്യുന്ന ഒമര്‍ ലുലുവാണ്. പവര്‍ സ്റ്റാര്‍ എന്നാണ് സിനിമയുടെ പേര്. ബാബു ആന്റണിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'സിനിമ തീര്‍ച്ചയായും തിയറ്ററുകളിലെത്തും. തിരക്കഥ അദ്ദേഹം എഴുതിത്തീര്‍ത്തു. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഫൈനല്‍ ഡ്രാഫ്റ്റ് എഴുതാനുള്ള ഒരുക്കത്തിലായിരുന്നു. അവസാനഘട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്,' ഒമര്‍ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു.

'മൂന്ന് ദിവസം മുന്‍പ് ഡെന്നീസ് സാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കുറേ സംസാരിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെന്ന് പറഞ്ഞു. ലോക്ക്ഡൗണ്‍ കഴിഞ്ഞ് നേരില്‍ കാണാമെന്നായിരുന്നു പ്രതീക്ഷ. അപ്പോഴേക്കും അദ്ദേഹം പോയി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാരംഗത്ത് കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു,' ഒമര്‍ പറഞ്ഞു.


ഹൃദയാഘാതത്തെ തുടര്‍ന്നാണ്
ഡെന്നീസ് ജോസഫ് അന്തരിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളുടെ തമ്പുരാനാണ് വിടവാങ്ങിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഏറ്റവും മികച്ച വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമാക്കിയത്. ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിക്ക് ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച താരം കൂടിയാണ് ഡെന്നീസ് ജോസഫ്.


നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫാണ്. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :