പുരുഷാധിപത്യം തകർക്കാം: റിയ ചക്രബർത്തിയുടെ ടീഷർട്ടിന്റെ ചിത്രം പങ്കുവെച്ച് പിന്തുണയുമായി താരങ്ങൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (14:38 IST)
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി സിനിമ താരങ്ങൾ. നാർകോ‌ട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ റിയ ധരിച്ചിരുന്ന ടീ ഷർട്ടിലെ വാചകങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് താരങ്ങൾ റിയയ്‌ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങൾക്കൊപ്പം നടി റിമ കല്ലിങ്കലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

റോസസ് ആര്‍ റെഡ്, വയലറ്റ്‌സ് ആര്‍ ബ്ലൂ, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും എന്ന വാചകമാണ് റിയയുടെ റ്റീ ഷർട്ടിൽ കുറിച്ചിരിക്കുന്നത്. റിയയുടെ ചിത്രവും ടീ ഷർട്ടിന്റെ ചിത്രവുമാണ് റിമ പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡിൽ നിന്നും വിദ്യ ബാലന്‍, അനുരാഗ് കശ്യപ്, കരീന കപൂര്‍, സോനം കപൂര്‍ സ്വര ഭാസ്‌കര്‍ തുടങ്ങിയ താരങ്ങളും ഈ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള റിയയെ സിനിമപ്രവർത്തകർ പിന്തുണക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് വിമർശകർ പറയുന്നു. എന്നാൽ സത്യം തെളിയുന്നത് വരെ റിയയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ താൻ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായി റിയ സമ്മതിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത റിയയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :