വിജയ് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ബിജെപി പ്രതിഷേധം

അഭിറാം മനോഹർ| Last Modified വെള്ളി, 7 ഫെബ്രുവരി 2020 (18:54 IST)
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌ത് വിട്ടയച്ചതിന് പിന്നാലെ നടൻ വിജയ്‌യുടെ ഷൂട്ടിങ് ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വിജയ്‌യുടെ പുതിയ ചിത്രമായ മാസ്റ്റേഴ്സിന്റെ ഷൂട്ടിങ് നടക്കുന്ന നെയ്‌വേലി എൻഎൽസി കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കാനാവില്ലെന്ന് കാണിച്ചാണ് ലിഗ്നൈറ്റ് കോർപ്പറേഷന് പുറത്ത് ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നത്.

അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമടക്കം 200ഓളം പേർ എൻഎൽസിയിൽ ഷൂട്ടിങ്ങിനായി ഉണ്ടെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ മൈനിങ്ങ് നടക്കുന്ന 100 ഏക്കർ സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ഇതാണ് ബിജെപി പ്രതിഷേധത്തിന് കാരണം. നേരത്തെ ആദായ നികുതി വകുപ്പ് വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലടക്കം നടത്തിയ റൈഡിനെ തുടർന്ന് നിർത്തിവെച്ച ഷൂട്ടിങ് വെള്ളിയാഴ്ച്ചയാണ് പുനരാരംഭിച്ചത്.

സിനിമയുടെ നിർമാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അൻപുചെഴിയന്റെ നികുതിവെട്ടിപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജയെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ച് ഇന്നലെ രാത്രി 8.45 വരെയും ചോദ്യം ചെയ്യൽ നീണ്ടുനിന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :