കെ ആര്‍ അനൂപ്|
Last Modified ശനി, 1 മെയ് 2021 (12:42 IST)
നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ബിരിയാണി അടുത്തിടെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. തീയേറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ആയില്ലെങ്കിലും ഒ.ടി.ടി റിലീസ് സിനിമയ്ക്ക് ഗുണം ചെയ്തു. ഭാഷാ വ്യത്യാസങ്ങളോ അതിര്‍വരമ്പുകളോ ഇല്ലാതെ നിരവധി ആളുകളാണ് ചിത്രം ഇതിനകം കണ്ടത്. നല്ല അഭിപ്രായങ്ങള്‍ക്കൊപ്പം സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചുകൊണ്ടും സോഷ്യല്‍ മീഡിയയിലൂടെ നിരവധി കമന്റ്കള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ സജിന്‍ ബാബു തന്നെ രംഗത്തെത്തി.
സജിന്‍ ബാബുവിന്റെ വാക്കുകളിലേക്ക്
'ബിരിയാണി' കണ്ടതിനു ശേഷം ' നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ' എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്.. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള(പൊതുവില്‍ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയില്‍ അല്ല. അതില്‍ കൈ കടത്തല്‍ എന്റെ അവകാശവുമല്ല.. അപ്പോള്‍ ഗുഡ് നൈറ്റ്.. -സജിന്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.