അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (12:21 IST)
ലോക സിനിമയിലെ അത്ഭുതങ്ങളിലൊന്നാണ്
ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ അവതാർ എന്ന സിനിമ. ബിഗ് സ്ക്രീനിൽ ഏറെ അത്ഭുതങ്ങൾ അടങ്ങിയ സിനിമകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ചിത്രങ്ങൾ ചുരുക്കമാണ്. 2009 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നാണ്.
2009ൽ അവതാർ സിനിമയുടെ തിയേറ്റർ അനുഭവം നഷ്ടമായവരാണ് നിങ്ങളെങ്കിൽ ചിത്രം 4കെ ക്വാളിറ്റിയിൽ തിയേറ്ററുകളിൽ ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.
4കെ എച്ച് ഡി ആറിലേക്ക് റീ മാസ്റ്റർ ചെയ്ത പതിപ്പാണ് ലോകമെങ്ങുമുള്ള ആസ്വാദർക്ക് മുന്നിലെത്തുന്നത്. സെപ്റ്റംബർ 23നാണ് ചിത്രത്തിൻ്റെ റിലീസ് തീയതി.
അവതാറിൻ്റെ സീക്വൽ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് പരിമിതകാലത്തേക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് തുടർഭാഗങ്ങളായാണ് അവതാർ പുറത്തുവരുന്നത്. ഡിസംബർ 16നാണ് ചിത്രത്തീൻ്റെ രണ്ടാം ഭാഗമായ അവതാർ ദ വേ ഓഫ് വാട്ടർ റിലീസ് ചെയ്യുന്നത്.