ശ്വസിക്കാന്‍ കഴിയുന്നില്ല,നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ കോവിഡ് ബാധിച്ച് ചികിത്സയില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (11:37 IST)

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. തന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്ന് നടന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവരം കൈമാറിയത്.സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും ജയചന്ദ്രന്‍ പറഞ്ഞു.ജയചന്ദ്രന്റെ വാക്കുകളിലേക്ക്

'പ്രിയരേ,ദിവസങ്ങളായി കോവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്‌നി നീങ്ങുകയാണ്.കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍.ജീവന്‍ കൈയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.

പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല. നമ്മളാണ് അവനെ ഭീകരനാക്കുന്നത്. നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍.

ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്‌ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു, പക്ഷേ.ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍.

പുറത്ത് ഹൃദയപൂര്‍വ്വം കൂട്ടുനില്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്‍ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാര്‍ക്കും, പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി.'-ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :