കലാപം നടത്താന്‍ മുത്താലിക്കിന് കൂലി 60 ലക്ഷം!

ബാംഗ്ലൂര്‍| WEBDUNIA|
മംഗലാപുരത്തോ ബാംഗ്ലൂരിലോ എവിടെ വേണമെങ്കിലും കലാപം നടത്താന്‍ തലവന്‍ പ്രമോദ് മുത്താലിക് തയ്യാറാണ്. പക്ഷേ കൂലി വേണം! മുത്താലിക് ഒരു കലാപം നടത്താന്‍ അറുപത് ലക്ഷം രൂപ ആവശ്യപ്പെടുന്നതിന്റെയും അഡ്വാന്‍സ് തുക വാങ്ങുന്നതിന്റെയും റിപ്പോര്‍ട്ട് ഒരു ദേശീയ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടു.

എം എഫ് ഹുസൈനെ പോലെ പ്രശസ്തിയിലേക്ക് ഉയരണമെന്ന് ആവശ്യപ്പെട്ട് ഒരു ചിത്രകാരന്റെ ഭാവത്തില്‍ മുത്താലിക്കിനെയും ശിഷ്യന്‍‌മാരെയും സമീപിച്ച ടെഹല്‍ക്ക റിപ്പോര്‍ട്ടറാണ് ശ്രീരാമസേനയുടെ കള്ളി വെളിച്ചത്താക്കിയത്.

ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളില്‍, മുസ്ലീം പ്രാതിനിധ്യമുള്ള സ്ഥലത്ത് ഒരു ചിത്ര പ്രദര്‍ശനം നടത്താന്‍ മുത്താലിക്കും സഹായികളും ചിത്രകാരനെന്ന ഭാവേന എത്തിയ ടെഹല്‍ക്ക റിപ്പോര്‍ട്ടറോട് പറയുന്നുണ്ട്. തന്റെ അനുയായികള്‍ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് വഴി ചിത്രകാരനെ പ്രശസ്തിയിലെത്തിക്കാമെന്നുമാണ് ശ്രീരാമസേന ഉറപ്പ് നല്‍കുന്നത്.

ഇതിനായി അറുപത് ലക്ഷം രൂപയാണ് മുത്താലിക് ആവശ്യപ്പെട്ടത്. ഇതില്‍ പതിനായിരം രൂപ അഡ്വാന്‍സായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുംതാസ് അലി ഖാനെ തന്നെ ക്ഷണിക്കണമെന്ന് മുത്താലിക്കിന്റെ ശിഷ്യനും സംഘടനയുടെ ബാംഗ്ലൂര്‍ തലവനുമായ വസന്ത് കുമാര്‍ ഭവാനി പറയുന്നതും ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

ആറ് മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനായി, രാമസേന ഉപാധ്യക്ഷന്‍ പ്രസാദ് അട്ടാവരുമായും റിപ്പോര്‍ട്ടര്‍-ചിത്രകാരന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചിത്രപ്രദര്‍ശനം തടസ്സപ്പെടുത്തുന്നതിനായി അമ്പത് ‘കുട്ടികളെ’ വിട്ടുകൊടുക്കാമെന്നാണ് രാമസേന നേതാക്കള്‍ ഉറപ്പ് നല്‍കിയത്. നേരത്തെ, മംഗലാപുരത്ത് പബ്ബുകളില്‍ എത്തിയ സ്ത്രീകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് ശ്രീരാമസേന മാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :