ബസ് ചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്ത് സ്വകാര്യ ബസ് യാത്രാക്കൂലി ഉടന്‍ വര്‍ധിപ്പിക്കുമെന്നു ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. ഇന്ധന വില വര്‍ധിക്കുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥിതിയില്‍ ചാര്‍ജ് വര്‍ധന വൈകിപ്പിക്കാനാകില്ലെന്ന് മന്ത്രി വിശദീകരിച്ചു.

ഇന്ധന വില വര്‍ധന മൂലം കെഎസ്ആര്‍ടിസിക്ക് 3.5 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 6.5 കോടി രൂപയുടെ നഷ്ടം നേരിട്ടു. ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതുവരെ സര്‍ക്കാര്‍ പിടിച്ചുനിന്നെങ്കിലും ഇനി കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിന്‍റെ ഫലമായി പെട്രോള്‍ ഡീ‍സല്‍ വില വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു തെറ്റയിലിന്‍റെ പരാമര്‍ശം. മറ്റ് വഴികളുണ്ടെങ്കില്‍ പ്രതിപക്ഷം തന്നെ പറഞ്ഞുതരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബസ് യാത്രക്കൂലി നിശ്ചയിക്കാന്‍ ട്രായ് പോലെ റെഗുലേറ്ററി അതോറിറ്റി സംവിധാനം ഏര്‍പ്പെടുത്തുമെന്നു നേരത്തെ മന്ത്രി അറിയിച്ചിരുന്നു‍. ഇതിനു മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :