മോഡിയെ ചോദ്യം ചെയ്യാം: നാനാവതി കമ്മീഷന്‍

ഗാന്ധിനഗര്‍| WEBDUNIA| Last Modified വ്യാഴം, 1 ഏപ്രില്‍ 2010 (17:28 IST)
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ 2002 ലെ ഗുജറാത്ത് കലാപ കേസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ട എന്ന തീരുമാനം അന്തിമമല്ല എന്ന് നാനാവതി കമ്മീഷന്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. എഴുതി തയ്യാ‍റാക്കിയ മറുപടിയാണ് കമ്മീഷന്‍ നല്‍കിയത്.

മോഡിയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നുണ്ടോ എന്ന് ഏപ്രില്‍ ഒന്നിന് മുമ്പ് അറിയിക്കണം എന്ന് ഗുജറാത്ത് ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 2002 കലാപത്തിനിരയായവരെ പ്രതിനിധീകരിച്ച് ജനസംഘര്‍ഷ മഞ്ച് (ജെ‌എസ്‌എം) എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോടാണ് കോടതി ആവശ്യപ്പെട്ടത്.

കലാപ കേസില്‍ മോഡിയെയും മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെ‌എസ്‌എം നല്‍കിയ ഹര്‍ജി കമ്മീഷന്‍ 2009 സെപ്തംബറില്‍ തള്ളിക്കളഞ്ഞിരുന്നു. അന്വേഷണത്തിന്റെ ആ ഘട്ടത്തില്‍ മോഡിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നും ചോദ്യം ചെയ്യണമെന്ന ആവശ്യം സാങ്കല്‍പ്പിക കുറ്റങ്ങളെ അടിസ്ഥാനമാക്കിയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ജെ‌എസ്‌എം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മോഡിക്ക് പുറമെ, കലാപം നടന്ന സമയത്ത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഗോര്‍ധന്‍ സദാഫിയ, ആരോഗ്യമന്ത്രി അശോക് ഭട്ട്, ഡിസിപി ആയിരുന്ന ആര്‍ജെ സവാനി എന്നിവരെ ചോദ്യം ചെയ്യണമെന്നായിരുന്നു ജെ‌എസ്‌എം ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ, മാര്‍ച്ച് 27 ന് നരേന്ദ്രമോഡി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :