വിവാഹം നടത്താന്‍ റോബോട്ട്!

ടോക്കിയോ| WEBDUNIA|
PRO
ടോക്കിയോയിലെ ഒരു വിവാഹ വേദിയാണ് രംഗം. മനോഹരമായ കറുത്ത സ്യൂട്ടണിഞ്ഞ് വരന്‍ ഒരു വശത്ത്, വെള്ള ഫ്രോക്കിട്ട് ലജ്ജയാല്‍ നമ്ര ശിരസ്കയായി വധു മറുവശത്ത്. എന്നാല്‍ വിവാഹത്തിനെത്തിയവരെയെല്ലാം ആകര്‍ഷിച്ചതാകട്ടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച പുരോഹിതന്‍!

നാലടി ഉയരമുള്ള ഒരു റോബോട്ടിന്‍റെ കാര്‍മികത്വത്തിലാണ് ജപ്പാനിലെ സതാകോ ഇനോവിന്‍റെയും ടൊമോഹിരോ ഷിബാത്തയുടെയും വിവാഹം കഴിഞ്ഞ ദിവസം നടന്നത്. കമ്പ്യൂട്ടറുകളിലൂടെ പരസ്പരം കണ്ട് ഇഷ്ടപ്പെട്ട തങ്ങളുടെ വിവാഹവും യന്ത്രത്തിന്‍റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ആഗ്രഹമാണ് ഇനോവും ഷിബാത്തയും സഫലമാക്കിയത്.

ഇനോവാണ് ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവച്ചത്. ഐ-ഫയറി റോബോട്ടുകള്‍ നിര്‍മിക്കുന്ന കൊകോറോ കമ്പനിയിലാണ് ഇനോവ് ജോലി ചെയ്യുന്നത്. ഓഫീസില്‍ ഇനോവിന്‍റെ ജോലി മുഴുവന്‍ റോബോട്ടുകളോടൊത്താണ്. റോബോട്ടുകള്‍ തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് തെളിയിക്കാന്‍ വേണ്ടിക്കൂടിയാണ് ഇത്തരമൊരു വിവാഹമെന്ന് നവദമ്പതികള്‍ പറഞ്ഞു.

റോബോട്ടുകളുടെ സേവനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തെ എട്ട് ലക്ഷത്തോളം ഇന്‍ഡസ്ട്രിയലൈസ്ഡ് റോബോട്ടുകളില്‍ ഏതാണ്ട് പകുതിയോളവും ജപ്പാനിലാണ്. മനുഷ്യന്‍റെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ റോബോട്ടുകളെ അവതരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :