കല്യാണരാമന്‍ ടീം വീണ്ടും - ‘ഹാരി പോട്ടര്‍’

WEBDUNIA|
PRO
ചിരിയുടെ വസന്തമൊരുക്കിയ സിനിമയായിരുന്നു കല്യാണരാമന്‍. ഷാഫി - ദിലീപ് - ബെന്നി പി നായരമ്പലം ടീം സൃഷ്ടിച്ച ആ ചിരിയുത്സവത്തിന്‍റെ ഓര്‍മ്മ ഇപ്പോഴും മലയാളിയെ വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ, അതേ ടീം വീണ്ടും ഒന്നിക്കുന്നു. ബെന്നിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ചിത്രത്തിന് പേരിട്ടു - ഹാരി പോട്ടര്‍!

കുട്ടികളുടെ കൂട്ടുകാരനായ ഹോളിവുഡിലെ ഹരി പോട്ടറെ പോലെ ഈ മലയാള ചിത്രവും കുട്ടികളെ ലക്‍ഷ്യം വച്ചുള്ളതാണ്. ഒന്നിനുപിറകെ മറ്റൊന്നായി മാലപ്പടക്കം പോലെ ചിരിയമിട്ടുകള്‍ കൊരുത്തിട്ടുള്ള ഒരു തിരക്കഥയാണ് ബെന്നി ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

വൈശാഖ് മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. മേക്കപ്‌മാന്‍ എന്ന ജയറാം ചിത്രത്തിന് ശേഷം ജൂണില്‍ ഷാഫി ഹരി പോട്ടറുടെ ചിത്രീകരണം ആരംഭിക്കും. ദിലീപിന്‍റെ ഓണച്ചിത്രമായിരിക്കും ഇത്. സലിം‌കുമാര്‍, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമ്മൂട്, നാരായണകുട്ടി തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്.

കല്യാണരാമന്‍ കഴിഞ്ഞ് എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ ടീം വീണ്ടും ഒന്നിക്കുന്നത്. ആ വമ്പന്‍ ഹിറ്റിനു ശേഷം മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു ഷാഫിയുടെ സ്ഥിരം നായകന്‍‌മാര്‍. ബെന്നി പി നായരമ്പലവും ദിലീപ് ചിത്രം എഴുതുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ്. കല്യാണരാമന്‍ കൂടാതെ ദിലീപിന്‍റെ വന്‍ ഹിറ്റുകളായ മന്ത്രമോതിരം, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട് തുടങ്ങിയവ എഴുതിയതും ബെന്നിയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :