വിലക്കുകള്‍ കാറ്റില്‍ പറത്തി ‘സുറ’ കേരളത്തിലും

WEBDUNIA|
PRO
ഇളയദളപതി വിജയ് മലയാള സിനിമാപ്രേക്ഷകര്‍ക്കും സ്വീകാര്യനാണ്. വിജയ് നായകനായ പോക്കിരി, വേട്ടൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലും പണം വാരിയവയാണ്. വിജയ്‌യുടെ സിനിമ കളിക്കുമ്പോള്‍ മലയാളചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും മടിക്കുന്ന രീതിയിലേക്ക് അദ്ദേഹത്തിന് കേരളത്തില്‍ ജനപ്രീതിയുണ്ട് എന്നതാണ് വസ്തുത.

വിജയ് നായകനാകുന്ന അമ്പതാമത് ചിത്രം ‘സുറ’ ഈ മാസം 30ന് പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളം സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ തീരുമാനം അനുസരിച്ച് റിലീസായി 14 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കുകയുള്ളൂ. എന്നാല്‍ ഈ നിയന്ത്രണവും വിലക്കും കാറ്റില്‍ പറത്തി 30ന് തന്നെ കേരളത്തിലും റിലീസ് ചെയ്യും. തമന്ന നായികയാകുന്ന ചിത്രത്തിന്‍റെ സംവിധാനം എസ് പി രാജ്‌കുമാര്‍.

‘തമീന്‍സ്’ എന്ന വിതരണസ്ഥാപനമാണ് ഒന്നരക്കോടി രൂപയ്ക്ക് സുറയുടെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത്. കേരളത്തില്‍ 112 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. അതായത്, മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ തിയേറ്ററുകളിലാണ് ഈ തമിഴ് ചിത്രമെത്തുന്നതെന്ന് സാരം.

തമിഴ്നാടിനൊപ്പം കേരളത്തിലും റിലീസ് ചെയ്തില്ലെങ്കില്‍, പിന്നീട് കേരളത്തിലെത്തുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് തമീന്‍സ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ 30ന് തന്നെ പ്രദര്‍ശനത്തിനെത്തിക്കാന്‍ തമീന്‍സിന് സൗത്ത്‌ ഇന്ത്യന്‍ ഫിലിം ചേംബറിന്‍റെ പിന്തുണയുമുണ്ട്. എന്തായാലും, സമരത്തിന്‍റെ പേരില്‍ മലയാള ചിത്രങ്ങളുടെ റിലീസ് അനിശ്ചിതമായി നീട്ടുമ്പോള്‍ തമിഴ് ചിത്രങ്ങള്‍ നൂറിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത് മലയാള സിനിമാലോകത്തിന്‍റെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്ന് സിനിമാവിദഗ്ധര്‍ വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :