ഒഎന്‍ജിസിയ്ക്ക് മഹാരത്ന

മുംബൈ| WEBDUNIA| Last Modified ഞായര്‍, 23 മെയ് 2010 (11:01 IST)
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സിയ്ക്ക് മഹാരത്ന പദവി. എണ്ണ, പ്രകൃതിവാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല്‌ സ്ഥാപനങ്ങള്‍ക്കാണ് ഈ വര്‍ഷം മഹാരത്ന പദവി നല്‍കുന്നത്. ഒഎന്‍ജിസിയ്ക്ക് പുറമെ സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ, എന്‍ ടി പി സി, ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ക്കും മഹാരത്ന പദവി ലഭിക്കും. പുതിയ അംഗീകാരം ലഭിക്കുന്നതോടെ നിക്ഷേപം അടക്കമുള്ള മേഖലകളില്‍ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്യം ലഭിച്ചേക്കും.

നവരത്ന പദവിയുള്ള നാലു സ്ഥാപനങ്ങള്‍ക്ക്‌ മഹാരത്ന പദവി നല്‍കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മഹാരത്ന പദവി ലഭിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്ര അനുമതിയില്ലാതെ 5,000 കോടി രൂപയുടെ നിക്ഷേപം ശേഖരിക്കാം. നിലവില്‍ 1000 കോടിയുടെ നിക്ഷേപം സ്വരൂപിക്കാന്‍ മാത്രമെ അനുമതിയൊള്ളൂ.

5,000 കോടി രൂപവരെ മൂല്യമുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനോ, അവയുടെ ഓഹരികള്‍ സ്വന്തമാക്കാനോ കേന്ദ്ര തീരുമാനം സഹായിക്കുമെന്ന്‌ മഹാരത്ന പദവി നേടിയ കമ്പനികളുടെ വക്താക്കള്‍ അറിയിച്ചു. ആഗോള തലത്തില്‍ സ്റ്റീല്‍ അതോറിറ്റിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം തന്നെ നാലു സ്ഥാപനങ്ങള്‍ക്ക്‌ മഹാരത്ന പദവി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ്‌ ശനിയാഴ്ചയാണ്‌ അറിയിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :