കോള്‍ ഇന്ത്യ 6000 കോടി മുടക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 6 ഏപ്രില്‍ 2010 (15:23 IST)
PRO
കല്‍ക്കരി ഖനന രംഗത്തെ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡ് ഈ സാമ്പത്തിക വര്‍ഷം വിദേശ ഖനികള്‍ ഏറ്റെടുക്കുന്നതിനായി 6000 കോടി രൂപ മുടക്കും. കോള്‍ ഇന്ത്യ ചെയര്‍മാന്‍ പി‌എസ് ഭട്ടാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റെടുക്കലിനായി അമേരിക്ക, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലെ അഞ്ച് കമ്പനികള്‍ താല്‍‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

യു‌എസ് ആസ്ഥാനമായുള്ള പീബോഡി എനര്‍ജി കോര്‍പ്പ് എന്ന ആഗോള കമ്പനിയാണ് കോള്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താല്‍‌പര്യം പ്രകടിപ്പിച്ചിട്ടുള്ള ഒരു കമ്പനി. ഇവരുമായി സംയുക്ത സംരംഭത്തിനോ ഓഹരി പങ്കാളിത്തത്തിനോ ആകും കോള്‍ ഇന്ത്യ ശ്രമിക്കുകയെന്ന് ഭട്ടാചാര്യ പറഞ്ഞു.

2009 ജൂലൈയിലാണ് കോള്‍ ഇന്ത്യ വിദേശ കമ്പനികളുമായി സഹകരിക്കാന്‍ താല്‍‌പര്യം പ്രകടിപ്പിച്ചത്. ഇതിനോടകം മുപ്പത് കമ്പനികള്‍ സിഐ‌എല്ലുമായി സഹകരിക്കാന്‍ താല്‍‌പര്യമറിയിച്ചതായി ഭട്ടാചാര്യ വ്യക്തമാക്കി. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ വിദേശ ഏറ്റെടുക്കലുകള്‍ക്കായി 9000 കോടി രൂപ മുടക്കുമെന്നും ഭട്ടാചാര്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :