മധുരം ഇല്ലാതൊരു ചായ! ഒരു സ്പൂണ്‍ മധുരമില്ലെങ്കില്‍ പിന്നെ എന്തിനാണെന്ന് നാം ചോദിച്ചു പോവും. അത് സ്വാഭാവികം. എന്നാല്‍, കിട്ടുമ്പോഴെല്ലാം മധുര പലഹാരങ്ങള്‍ നിയന്ത്രണമില്ലാതെ വാരി വലിച്ചു തിന്നാലോ? അത് ഒരു ദുരന്തത്തിലേക്കുള്ള പോക്ക് ആയിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
പഞ്ചസാരയുടെ അളവ് കൂട്ടിയുള്ള ആഹാര ശീലം പ്രമേഹത്തിലേക്ക് മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്നാണ് ഒരു പുതിയ പഠനത്തില്‍ പറയുന്നത്. ഇമോറി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
പ്രായ പൂര്‍ത്തിയായ 6,000 പേരുടെ ആഹാര രീതിയാണ് ഗവേഷണ സംഘം പഠന വിധേയമാക്കിയത്. 1996 നും 2006 നും ഇടയിലുള്ള ഏഴ് വര്‍ഷമാണ് പഠനം നീണ്ടത്. അധികം മധുരം ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന ശാരീരിക നിലയുണ്ടാവുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
അതായത്, മധുര പ്രേമികളുടെ ട്രൈഗ്ലിസറൈഡ് നിലയും കൊളസ്ട്രോള്‍ നിലയും വളരെ ഉയര്‍ന്ന നിലയിലായിത്തീര്‍ന്നു എന്ന് പഠന സംഘം കണ്ടെത്തി. പഠനം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.